ഓസ്‌കര്‍ പ്രതീക്ഷയില്‍ ഇന്ത്യയുടെ ‘വില്ലേജ് റോക്ക്‌സ്റ്റാര്‍സ്’

September 22, 2018

2019 ഓസ്‌കര്‍ നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുകയാണ് അസമീസ് ചിത്രമായ ‘വില്ലേജ് റോക്ക് സ്റ്റാര്‍സ്’. റിമ ദാസാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ത്യയില്‍ നിന്നും 29 സിനിമകള്‍ എന്‍ട്രി തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു. 28 സിനിമകളെയും പിന്നിലാക്കിയാണ് വില്ലേജ് റോക്ക് സ്റ്റാര്‍സ് നോമിനേഷനില്‍ ഇടം പിടിച്ചത്. മികച്ച വിദേശഭാഷ ചിത്രങ്ങളുടെ പട്ടികയിലാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

‘മഹാനടി’, ‘ഭയാനകം’, ‘റാസി’, ‘പദ്മാവത്’, ‘ഹിച്ച്കി’, ‘ഒക്ടോബര്‍’, ‘ലവ് സോണിയ’, ‘ഗുലാബ്ജാം’, ‘പിഹു’, ‘കദ്വി ഹവ’, ‘ബയോസ്‌കോപ് വാല’, ‘മന്‍തൊ’, ‘102 നോട്ട് ഔട്ട്’, ‘പാഡ്മാന്‍’, ‘അജ്ജിസ ന്യൂഡ്’, ‘ഗലി ഗുലിയാന്‍’ എന്നീ ചിത്രങ്ങളാണ് വില്ലേജ് റോക്ക് സ്റ്റാര്‍സ് എന്ന ചിത്രത്തിനെ കൂടാതെ എന്‍ട്രി തിരഞ്ഞെടുപ്പിനായി ഇന്ത്യയില്‍ നിന്നും സമര്‍പ്പിക്കപ്പെട്ടത്.

ചിത്രത്തിന്റെ സംവിധായിക റിമ ജനിച്ചു വളര്‍ന്ന നാടാണ് അസ്സാം. അസ്സാമിലെ ഗ്രാമീണരുടെ അതിജീവനത്തിന്റെ കഥയാണ് വില്ലേജ് റോക് സ്റ്റാര്‍സ് പറയുന്നത്. യഥാര്‍ത്ഥ ഗ്രാമീണര്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും. ക്യാമറയില്‍ ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതുമെല്ലാം റിമ തന്നെയാണ്. സിനിമയുടെ ഔട്ട്‌ഡോര്‍ രംഗങ്ങളെല്ലാം പകല്‍ വെളിച്ചത്തില്‍ തന്നെയാണ് ചിത്രീകരിച്ചത്.

യഥാര്‍ത്ഥ ഗ്രാമീണര്‍ക്കു പുറമെ കുലദ ഭട്ടാചാര്യ മാത്രമാണ് വില്ലേജ് റോക് സ്റ്റാര്‍സില്‍ അഭിനയിച്ചിരിക്കുന്നത്. ധുനു എന്ന പത്ത് വയസുകാരിയാണ് വില്ലേജ് റോക് സ്റ്റാര്‍സിലെ കേന്ദ്ര കഥാപാത്രം. 87 മിനിറ്റാണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. ‘മാന്‍ വിത് ദ ബൈനോക്കുലേഴ്‌സ്’ ആണ് റിമ ദാസിന്റെ ആദ്യ ചിത്രം.