വീണ്ടും താരമായി ബ്ലാസ്റ്റേഴ്‌സ്; ആദ്യവാരത്തിലെ ഫാൻസ്‌ പുരസ്കാരവും മഞ്ഞപ്പടയ്ക്ക് സ്വന്തം,,

October 11, 2018

ഐ എസ് എല്ലിന്റെ അഞ്ചാം സീസണിൽ തകർപ്പൻ പ്രകടനവുമായി എത്തിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ഞപ്പടയ്ക്ക് അഭിനന്ദനവുമായി നിരവധി ആളുകൾ എത്തുമ്പോൾ, അഞ്ചാം സീസണിലെ ആദ്യ വാരത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള ഫാന്‍സ് പുരസ്‌കാരം കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ സ്റ്റൊജനോവിച്ച് സ്വന്തമാക്കി.

ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു മികച്ച ഗോൾ നേടിയ താരത്തെ തിരഞ്ഞെടുത്തത്. സ്ലാവിസ് സ്റ്റോജെനോവിച്ച് 87.9 ശതമാനം വോട്ട് നേടിയാണ് ആദ്യ സ്ഥാനത്ത് എത്തിയത്. കൊൽക്കത്തയ്‌ക്കെതിരെ അരങ്ങേറിയ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ 86-ാം മിനുറ്റിലാണ്  സ്റ്റൊജനോവിച്ച് ഗോൾ കരസ്ഥമാക്കിയത്. മത്സരത്തിൽ സെര്‍ബിയന്‍ താരം സ്റ്റൊജാനോവിച്ച് ലോകോത്തര ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന്‍റെ ലീഡ് രണ്ടിലെത്തിച്ചത്തോടെ മഞ്ഞപ്പട കൊൽക്കത്ത മണ്ണിൽ വിജയം നേടുകയായിരുന്നു.

ഇന്ത്യൻ ഫുട്ബോളിന്റെ വീരകഥകൾ പറയുന്ന കൊൽക്കത്തയുടെ മണ്ണിലെ  ഫുട്ബോൾ മാമാങ്കത്തിൽ ആദ്യ വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് കേരളക്കര. രണ്ടാമത്തെ മത്സരത്തിൽ സമനിയിലയിൽ പിരിഞ്ഞ  ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മികച്ച പ്രകടനത്തിനായി അക്ഷമരായി കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയാണ്  ആദ്യ വാരത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള ഫാന്‍സ് പുരസ്‌കാരം കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ സ്റ്റൊജനോവിച്ചിന് ലഭിച്ചത്.