‘അര്‍ജുന്‍ റെഡ്ഡി’ ഇനി ‘കബീര്‍ സിങ്’

October 26, 2018

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് വിജയ് ദേവരക്കൊണ്ട നായകനായെത്തിയ തെലുങ്ക് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’. 2017-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് വരുന്നു എന്ന വാര്‍ത്തയും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയ് ദേവരക്കൊണ്ടയെ പ്രേക്ഷകഹൃദയങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതും ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ്.

ഷാഹിദ് കപൂറാണ് ബോളിവുഡ് പതിപ്പില്‍ നായകനായെത്തുന്നത്. ‘കബീര്‍ സിങ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. 2019 ജൂണ്‍ 21 ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സന്ദീപ് വാങ്കയായിരുന്നു ‘അര്‍ജുന്‍ റെഡ്ഡി’യുടെ സംവിധാനം നിര്‍വ്വഹിച്ചത്. ‘കബീര്‍ സിങ്’ എന്ന ഹിന്ദി പതിപ്പിലും സന്ദീപ് വാങ്ക തന്നെയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 21 ന് ‘കബീര്‍ സിങി’ന്റെ ചിത്രീകരണം ആരംഭിച്ചു. ഡല്‍ഹിയിലും മുംബൈയിലൂമാണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.