‘രജനി സാര്‍ വലിയൊരു പാഠപുസ്തകം’ മണികണ്ഠന്റെ കുറിപ്പിന് സാമൂഹ്യമാധ്യമങ്ങളുടെ കൈയടി

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് രജനീകാന്തിനെക്കുറിച്ച് മണികണ്ഠന്‍ ആചാരി പങ്കുവെച്ച കുറിപ്പ്. രജനിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് മണികണ്ഠന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പേട്ട എന്ന ചിത്രത്തില്‍ രജനീകാന്തിനൊപ്പം മണികണ്ഠന്‍ അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയും രജനികാന്തും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളാണ് മണികണ്ഠന്‍ പങ്കുവെച്ചത്. രജനികാന്ത് വലിയൊരു പാഠപുസ്തകമാണെന്നും താരം കുറിച്ചു. മണികണ്ഠന്റെ കുറിപ്പിന് മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

മണികണ്ഠ ആചാരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സണ്‍ പിച്ചേര്‍സ് പ്രൊഡ്യൂസ് ചെയുന്ന കാര്‍ത്തിക് സുബ്ബരാജ് സര്‍ ഇന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞു,അതിനേക്കാള്‍ ഉപരി കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രാജനിസാര്‍ ഇന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാന്‍ കഴിഞ്ഞു . രജനി സര്‍ എന്ന സൂപ്പര്‍സ്റ്റാര്‍ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍ ആയി നില്‍ക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തില്‍ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങള്‍ ചോദിച്ചും സംവിധായകന്‍ പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്‌കാരന്റെ എനര്‍ജി സൂക്ഷിച്ചു ചെയുന്ന രജനി സര്‍ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാന്‍ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാന്‍ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകര്‍ക്കും ഞാന്‍ എന്നും കടപെട്ടവനായിരിക്കും. നന്ദി