ചരിത്രംകുറിച്ച് ‘സൂയി ധാഗ’; കളക്ഷന്‍ 55 കോടി പിന്നിട്ടു

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് അനുഷ്‌ക ശര്‍മ്മ നായികയായെത്തുന്ന ‘സൂയി ധാഗ’ എന്ന ചിത്രം. ചിത്രത്തിന്റെ കളക്ഷന്‍ 55 കോടി പിന്നിട്ടു. റിലീസ് ചെയ്ത ആദ്യദിനം ഒമ്പത് കോടി കളക്ഷന്‍ നേടിയിരുന്നു ചിത്രം. കളക്ഷനില്‍ പുതുചരിത്രം കുറിക്കാനുള്ള കുതിപ്പിലാണ് ‘സൂയി ധാഗ’ എന്ന ചിത്രം. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘സൂയി ധാഗ’ എന്ന ചിത്രത്തിലെ അനുഷ്‌കാ ശര്‍മ്മയുടെ അഭിനയത്തെ അഭിനന്ദിച്ച് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവുമായ വിരാട് കോഹ്‌ലിതന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. അനുഷ്‌കയുടെ അഭിനയം തന്റെ ഹൃദയം കവര്‍ന്നെന്നാണ് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയിലെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് ‘സൂയി ധാഗ’ എന്ന ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ മധ്യവയസ്‌കയായ ഒരു ഗ്രാമീണ സ്ത്രീയായിട്ടാണ് അനുഷ്‌ക ശര്‍മ്മ വേഷമിടുന്നത്. ശരത് കതാരിയ ആണ് ചിത്രത്തിന്റെ സംവിധാനം. വരുണ്‍ ധവാന്റെ അഭിനയം ഏറെ മികച്ചതാണെന്നും വിരാട് കുറിച്ചു. അനുഷ്‌ക ശര്‍മ്മയും വരുണ്‍ ധവാനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘സൂയി ധാഗ’ എന്ന ചിത്രത്തിനുണ്ട്.

ഈ മാസം 27നാണ് ചിത്രം തീയറ്ററുകളിലെത്തിയത്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പേ ‘സൂയി ധാഗ‘ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനു വേണ്ടി തികച്ചും വിത്യസ്തമായൊരു പ്രൊമോഷനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ഇതിനായി സൂചിയില്‍ നൂല്‍ കോര്‍ക്കുന്ന ഒരു ചലഞ്ചും സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ചലഞ്ചിന്റെ ഭാഗമായത്.

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരുണ്‍ ധവാന്‍ തന്നെയാണ് സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. അക്ഷയ് കുമാറും ഷാരൂഖ് ഖാനും ജാന്‍വി കപൂറുമെല്ലാം സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു.