ധനുഷ് നായകനായെത്തുന്ന ‘വട ചെന്നൈ’ നാളെ തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ധനുഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘വട ചെന്നൈ’. ചിത്രം നാളെ തീയറ്ററുകളിലെത്തും. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

പിന്‍ജിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച പ്രതികരണമാണ് ‘വട ചെന്നൈ‘ എന്ന ചിത്രത്തിന് ലഭിച്ചത്. സങ്കീര്‍ണ്ണതകള്‍ ഏറെയുള്ള ഒരല്പം ബോള്‍ഡായ കഥാപാത്രമായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊരുത്ത ‘ആടുകളം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വെട്രിമാരന്‍. ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ‘വട ചെന്നൈ’ എന്ന ചിത്രത്തിനുണ്ട്.

വടക്കന്‍ ചെന്നൈയിലെ ഒരുകൂട്ടം ആളുകളുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തില്‍ അന്‍പ് എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പ്രെമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘അന്‍പ് ദി ആങ്കര്‍’ എന്ന പേരില്‍ റിലീസ് ചെയ്ത വീഡിയോ ഇതിനോടകംതന്നെ നിരവധി പേരാണ് കണ്ടത്. ‘വട ചെന്നൈ’ എന്ന ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്ന അന്‍പ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് തയാറാക്കിയിരിക്കുന്ന പ്രെമോ വീഡിയോ ആണ് ഇത്.