നോർത്ത് ഈസ്റ്റിനെ നേരിടാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്…

November 23, 2018

മലയാളികളുടെ ഹരമായി മാറിയ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഫുട്ബാൾ പ്രേമികൾ..ഇന്ന് നടക്കുന്ന മാച്ചിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്‌സിനെയാണ് നേരിടാൻ ഒരുങ്ങുന്നത്. കളിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച് ജെയിംസ്.

സമനിലകളും തോൽവിയുമായി നട്ടം തിരിയുന്ന കേരള  ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ വിജയം അനിവാര്യമാണ്. ഈ സീസണിൽ ഇതുവരെ ഒരു ജയം മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്സിന്റെ അക്കൗണ്ടിൽ ഉള്ളത്. ഇന്ന് രാത്രി 7 -30 ന് ഗുവാഹട്ടിയിലാണ് മത്സരം അരങ്ങേറുന്നത്. 11 പോയിന്റുമായി നിൽക്കുന്ന നോർത്ത് ഈസ്റ്റ് അഞ്ചാമതും , ഏഴ് പോയിന്റുമായി നിൽക്കുന്ന  ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

സീസണിൽ സ്വന്തം തട്ടകത്തിൽ ഒരു കളിയും ജയിക്കാത്തതിന്റെ നിരാശ മാറ്റാനുള്ള ശ്രമത്തിലാണ് നോർത്ത് ഈസ്റ്റ്. അതേസമയം ഈ കളിയിലും ജയിക്കാനായില്ലെങ്കിൽ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ മാറ്റുമെന്നുള്ള സൂചനകളുമുണ്ട്.