‘വിശ്വാസ’ത്തില്‍ അജിത്തിന്റെ തകര്‍പ്പന്‍ ഡാന്‍സും; പ്രതീക്ഷയോടെ ആരാധകര്‍

November 22, 2018

തമിഴകത്തിന്റെ പ്രിയതാരം അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘വിശ്വാസം’. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൊങ്കലിന് ചിത്രം തീയറ്ററുകളിലെത്തും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ വിശ്വാസത്തെക്കുറിച്ച് പുതിയൊരു കാര്യം കൂടി വ്യക്തമാക്കിയിരിക്കുകയാണ് കൊറിയോഗ്രാഫറായ കല്യാണ്‍ മാസ്റ്റര്‍. ചിത്രത്തില്‍ അജിത്തിന്റെ നൃത്തരംഗം ഉണ്ടായിരിക്കുമെന്നാണ് കൊറിയോഗ്രാഫര്‍ വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ശിവ അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും പുതിയ ചിത്രത്തിനായ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

‘വിശ്വാസം’ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായിക നയന്‍ താരയാണ്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കിലും തല നരക്കാത്തലുക്കിലും അജിത് എത്തുന്നുണ്ട്.ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്.

നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.