സുഡുമോന്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു; ‘ഒരു കരീബിയിന്‍ ഉഡായിപ്പു’മായി

മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞു ഈ താരത്തിന്.

സുഡുമോന്‍ വീണ്ടും മലയാള സിനിമയിലേക്ക് വരുന്നു. ‘ഒരു കരീബിയിന്‍ ഉഡായിപ്പ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. സാമുവല്‍ അബിയോള റോബിന്‍സണ്‍ ട്വിറ്ററിലൂടെ കേരളത്തിലേക്കുള്ള തന്റെ രണ്ടാം വരവും ആരാധകരെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ എ ജോജിയാണ് ‘ഒരു കരീബിയന്‍ ഉഡായിപ്പ്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍ കെ വി നായരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയന്‍, മെറീന മൈക്കിള്‍, ഋഷി പ്രകാശ്, നിഹാരിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സക്കറിയ മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’. സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല.