സെയില്‍സ്മാനായി ഇമ്രാന്‍ ഹാഷ്മി; ‘ടൈഗേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക്

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും ഏറെ ആരാധകരെ സൃഷിടിച്ചിട്ടുള്ള താരമാണ് ഇമ്രാന്‍ ഹാഷ്മി. ‘ടൈഗേഴ്‌സ്’ എന്ന ചിത്രത്തിലും തികച്ചും വിത്യസ്ഥമായ കഥാപാത്രമായാണ് ഇമ്രാന്‍ ഹാഷ്മി എത്തുന്നത്. ടൈഗേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഇമ്രാന്‍ ഹാഷ്മി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ഒരു സെയില്‍സ്മാനായാണ് ഇമ്രാന്‍ ഹാഷ്മി ചിത്രത്തിലെത്തുന്നത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിക്കുന്നതും. ഓസ്‌കാര്‍ അവാര്‍ഡ് ജോതാവായ ഡാനിസ് ടനോവിക്ക് ആണ് ‘ടൈഗേഴ്‌സ്’ എന്ന ചിത്രത്തിന്റെ സംവിധാനം. ഗൗരവ ഭാവത്തോടെ നടന്നുപോകുന്ന സെയില്‍സ്മാനായ ഇമ്രാന്‍ ഹാഷ്മിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദര്‍ശിക്കാനാവുക.

‘ലയേര്‍സ് ഡൈസ്’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ഗീതാഞ്ജലി ഥാപ്പയാണ് ‘ടൈഗേഴ്‌സി’ല്‍ നായികാ കഥാപാത്രമായെത്തുന്നത്. കുട്ടികള്‍ക്കുവേണ്ടിയുള്ള ഉല്‍പന്നങ്ങളില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ പോരാടുന്ന ഒരു സെയില്‍സ്മാന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നവംബര്‍ 21 ന് സീഫൈവ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ചിത്രത്തിന്റെ റിലീസ്.