ചങ്കുറപ്പുള്ള നിലപാടുകളുമായി ’24’ നിങ്ങളുടെ സ്വീകരണമുറികളിലേക്കെത്തുന്നു

ഫ്ളവേഴ്‌സ് കുടുംബത്തിന്റെ പുതിയ വാര്‍ത്താ ചാനലായ ’24’  പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ  7 മണി മുതല്‍ വാര്‍ത്താ ചാനല്‍ സംപ്രേഷണം ആരംഭിക്കും. നിലപാടുകളില്‍ സത്യസന്ധത എന്ന ആപ്തവാക്യവുമായാണ് ’24’ പ്രേക്ഷകരിലേക്കെത്തുന്നത്.

ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഫ്ളവേഴ്‌സ് ടിവിയെ ഇതിനോടകം തന്നെ ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയതാണ്.  മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികള്‍ക്കും ലഭിക്കുന്നത്. ‘ഉപ്പും മുളകും’, ‘ടോപ്പ് സിംഗര്‍’, ‘കോമഡി ഉത്സവം’ തുടങ്ങിയ പരിപാടികളും ‘സീത’, ‘അരുന്ധതി’ തുടങ്ങിയ സീരിയലുകളും ഇതിനോടകം തന്നെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചതാണ്.

2015 ഏപ്രില്‍ 12 നാണ് ഫ്ളവേഴ്‌സ് ടിവി സംപ്രേക്ഷണം ആരംഭിച്ചത്. അന്നുതൊട്ടിന്നോളം പരിപാടികളിലെ വിത്യസ്തതകൊണ്ടും അവതരണശൈലിയിലെ മികവുകൊണ്ടും മറ്റ് ചാനലുകളില്‍നിന്നെല്ലാം ഫ്ളവേഴ്‌സ് ടിവി വേറിട്ടു നില്‍ക്കുന്നു. വിനോദപരിപാടികളില്‍ പുലര്‍ത്തുന്ന വൈവിധ്യവും മനോഹാരിതയും വാര്‍ത്താപരിപാടികളിലും പുലര്‍ത്തുമെന്ന് ഉറപ്പ്.

പ്രേക്ഷകര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കായിരിക്കും ഡിസംബര്‍ എട്ട് മുതല്‍ കേരളം സാക്ഷിയാകുക. ചങ്കുറപ്പുള്ള നിലപാടുകളുമായാണ് ’24’  പ്രേക്ഷകരിലേക്കെത്തുന്നത്.
Read also:’24’ ന്യൂസിന്റെ പ്രോമോ ഏറ്റെടുത്ത് മലയാളികൾ…