സ്‌റ്റൈല്‍ മന്നനായി രജനീകാന്ത്, ഒപ്പം സിമ്രാനും; പേട്ടയുടെ പുതിയ പോസ്റ്റര്‍

December 25, 2018

സിനിമാപ്രേമികളുടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് വീണ്ടും തകര്‍പ്പന്‍ ലുക്കിലെത്തുന്ന ചിത്രമാണ് പേട്ട. കാര്‍ത്തിക് സുബ്ബരാജാണ് ‘പേട്ട’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ക്കും മികച്ച പ്രേക്ഷകപ്രതിരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ആരാധകര്‍ക്കിടിയില്‍ ശ്രദ്ധേയമാകുന്നു.

സ്‌റ്റൈല്‍ മന്നന്‍ എന്ന വിളിപ്പേരു ശരിവയ്ക്കുന്ന തരത്തില്‍ കിടിലന്‍ ലുക്കിലാണ് രജനീകാന്ത് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രജനീകാന്തിനൊപ്പം സിമ്രാനും പോസ്റ്ററില്‍ ഇടംപിടിച്ചിട്ടുണ്ട്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്.

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. സിമ്രാന്‍, തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.