വെട്രിമാരന്‍-ധനുഷ്, ഒപ്പം മഞ്ജു വാര്യരും; ‘അസുര’ന്റെ ഫസ്റ്റ് ലുക്ക്

January 26, 2019

‘വട ചെന്നൈ’യ്ക്ക് ശേഷം ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന പുതിയ ചിത്രമാണ് ‘അസുരന്‍’. മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരും ചിത്രത്തിലെത്തുന്നു എന്നതും ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നു. അന്യഭാഷയിലേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്‍. അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ധനുഷാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചത്. അസുരനുവേണ്ടിയുള്ള ധനുഷിന്റെ മേക്ക്ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വെക്കൈ’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുങ്ങുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ കഥാപ്രമേയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്.