‘ഞാന്‍ പ്രകാശനി’ലെ ആ റെക്കോര്‍ഡ് ഓട്ടം ഇതാ…; വീഡിയോ

January 5, 2019

മികച്ച പ്രേക്ഷകപ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രം. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫഹദ് ഫാസിലാണ് ഞാന്‍ പ്രകാശനില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിലെ ഒരു രംഗമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഫഹദ് ഫാസിലിനെ പട്ടി ഓടിക്കുന്ന രംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റെക്കോര്‍ഡ് ഓട്ടം എന്ന് പേരിട്ടിരിക്കുന്ന ഈ രംഗം തീയറ്ററുകളിലും കൈയടി നേടിയിരുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഈ വീഡിയോയ്ക്കും ആരാധകര്‍ ഏറെ.

17 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ ശ്രീനി കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രം, ഒരു പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. നിഖില വിമലാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രമാണിത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ പി എസ് സി ലളിത, സബിത ആനന്ദ്, മറിമായം മഞ്ജു എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.