കല്യാണ ചെക്കനായി ഫഹദ്; കുമ്പളങ്ങി നൈറ്റ്സ് ഉടൻ

February 6, 2019

മലയാളത്തിന്റെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ  സൗബിൻ ഷെയ്ന്‍നിഗം തുടങ്ങിയവരെ അണിനിരത്തി മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പോസ്റ്ററിൽ കല്യാണ ചെക്കനായാണ് ഫഹദ് എത്തുന്നത്. സിൽക്ക് വസ്ത്രത്തിൽ കട്ടിമീശയുമായി ചുള്ളൻ മണവാളനായി എത്തുന്ന ഫഹദിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു. വധുവായി നടി ഗ്രേസ് ആന്റണിയാണ് അഭിനയിക്കുന്നത്. ഫോട്ടോയില്‍ കാണാൻ ചുള്ളനാണെങ്കിലും ആള് സിനിമയിൽ ഭീകരനായിരിക്കുമെന്നാണ് പോസ്റ്ററിന് ലഭിക്കുന്ന പ്രതികരണങ്ങൾ.

ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്..വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്  കുമ്പളങ്ങി നൈറ്റ്‌സ്.

ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ദൂരദര്‍ശന്റെ പഴയ സിഗ്നേച്ചര്‍ ഈണത്തിന് നൃത്തം ചെയ്യുന്ന നാല് പേരോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ‘പണ്ട് പുഴുവടിച്ച് പല്ല് പോയത് ഓര്‍മ്മയുണ്ടോ’ എന്ന ഡയലോഗോടുകൂടി ടീസര്‍ അവസാനിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രം ഫെബ്രുവരി 7 ന് തീയറ്ററുകളിലെത്തും.