രാജ തിരിച്ചെത്തുന്നു; ‘മധുരരാജ’യുടെ മോഷന്‍ പോസ്റ്റര്‍

മികച്ച പ്രതികരണം നേടിയ മമ്മൂട്ടി-പൃത്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘പോക്കിരാജ’യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ‘മധുരരാജ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകനായ വൈശാഖാണ് ആരാധകര്‍ക്കായി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയ യും ചിത്രത്തിലെത്തുന്നുണ്ട്. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തുന്നത്. എന്നാല്‍ പൃത്വിരാജ് ചിത്രത്തിലില്ല. ‘മധുരരാജ’ വിഷു റിലീസ് ആയി തീയറ്ററുകളിലെത്തും.

വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞ വര്‍ഷമാണ് ‘പോക്കിരിരാജ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉദയ്കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘മധുരരാജ’.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അനുശ്രീ. ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, സലീം കുമാര്‍, മണിക്കുട്ടന്‍, നോബി, അജു വര്‍ഗീസ്, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ് തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.