‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും

ജനസേവനത്തിനുള്ളവരാണ് പോലീസ് ഉദ്യോഗസ്ഥർ. എന്നാൽ പലപ്പോഴും പൊലീസുകാരെ ഏറെ ഭയത്തോടെയും ദേഷ്യത്തോടെയുമൊക്കെയാണ് ആളുകൾ നോക്കികാണുന്നത്. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ വണ്ടി പിടിച്ചുവയ്ക്കുന്നതും, ഹെൽമറ്റ് ഇല്ലാതെ വരുമ്പോൾ പിഴ ചുമത്തുന്നതും ഒക്കെയാണ് പോലീസിനെ സാധാരണക്കാർ വെറുക്കാൻ കാരണം. എന്നാൽ ഇവർ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും, അവർ പറയുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കാണെന്നും പലപ്പോഴും സൗകര്യപൂർവ്വം നാം മറക്കാറാണ് പതിവ്.

പോലീസിനെ ജനങ്ങളുടെ ശത്രുക്കളായി സാധാരണക്കാർ കാണുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് സിനിമകൾ ആണെന്ന് തന്നെ പറയാം. പഴയ ചിത്രങ്ങൾ പോലീസിനെ അതിക്രൂരന്മാരായി മാത്രമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. എന്നാൽ ഈ ചീത്തപ്പേര് മാറ്റാൻ ഇപ്പോൾ ജനമൈത്രി പോലീസ് സ്റ്റേഷനുകളും വന്നു. അതോടെ സാധാരണക്കാരുടെ കാഴ്ചപ്പാടിൽ വലുതല്ലെങ്കിലും ചെറിയ മാറ്റങ്ങൾ വന്നു എന്ന് തന്നെ പറയാം.

എന്നാൽ കേരളത്തിലെ പ്രളയത്തിന്റെ സമയത്തും, സുനാമിയുടെ സമയത്തുമൊക്കെ ഇവർ ചെയ്ത സേവനങ്ങൾ ആർക്ക് കണ്ടില്ലെന്ന് നടിക്കാൻ പറ്റും. കയ്യും മെയ്യും മറന്ന് വിശപ്പും ദാഹവും മറന്ന് ദിവസങ്ങളോളം ഇവർ സധാരണക്കാരുടെ രക്ഷയ്ക്ക് വേണ്ടി അധ്വാനിച്ചപ്പോഴും നാം പറഞ്ഞു അവർ ചെയ്‌തത്‌ അവരുടെ ഡ്യൂട്ടി മാത്രമാണെന്ന്. എന്നാൽ ഇത് പറഞ്ഞ് മറ്റ് പലരെയും നാം വാഴ്ത്തിയപ്പോഴും, മൗനം ഭജിച്ച് തങ്ങൾ ചെയ്‌തത്‌ തങ്ങളുടെ ഡ്യൂട്ടിയാണെന്ന് മാത്രം വിശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു പോലീസുകാരും.

കേരളാ പോലീസ് ട്രോൾ പേജുകളിലൂടെ സാധാരണക്കാരെ ബോധവത്കരിക്കുക എന്ന സന്ദേശവുമായി അവർ എത്തിയപ്പോഴും തങ്ങളും ചിരിക്കാനും കരയാനും അറിയാവുന്ന സാധാരണക്കാർ മാത്രമാണെന്ന് പറയാതെ പറയുകയായിരുന്നു ഈ പോലീസുകാർ.

ഓണം വന്നാലും ക്രിസ്തുമസ് വന്നാലും വിഷു വന്നാലും റംസാൻ വന്നാലുമെല്ലാം തങ്ങൾക്ക് വലുത് തങ്ങളുടെ ഡ്യൂട്ടിയാന്നെന്ന തിരിച്ചറിവോടെ ജോലിയിൽ വ്യാപൃതരാകുന്ന ഇവർക്ക് രാഷ്ട്രീയ പാർട്ടികളുടെ സംഘർഷങ്ങളിലും,  ശബരിമലയിൽ സ്ത്രീപ്രവേശനം ഉണ്ടായാലും, പള്ളികളിൽ കുർബാന അർപ്പിക്കപ്പെട്ടില്ലെങ്കിലും, പൊന്നാനിയിൽ പോയി ആരെങ്കിലും മതം മാറിയാലുമെല്ലാം ഇതൊക്കെ പോലീസിന്റെ പിടിപ്പുകേടാണെന്ന് മാത്രം വിശ്വസിക്കുന്ന ചിലരോട് അപ്പോഴും മൗനം മാത്രമായിരിക്കും ഉത്തരം. കാരണം ആരെയും ഒന്നും ബോധ്യപ്പെടുത്താനുള്ള സമയമില്ല ഈ പാവം പോലീസുകാർക്ക് അവർ അപ്പോഴും കർമനിരതനായേ പറ്റൂ, കാരണം അടുത്ത രാഷ്ട്രീയ പാർട്ടിയുടെ ഹാർത്തൽ അപ്പോഴേക്കും പ്രഖ്യാപിച്ചിട്ടുണ്ടാവും.

 

Leave a Reply

Your email address will not be published. Required fields are marked *