മാത്യൂസ് കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയായതിന് പിന്നിൽ..; വീഡിയോ കാണാം..

March 10, 2019

കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വ്യത്യസ്ഥതകൊണ്ടുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്  എന്ന ചിത്രം.. തീയറ്ററുകളില്‍ ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഏറെ മികച്ച ചിത്രം എന്നുമാത്രമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും പ്രേക്ഷകഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്. ചിത്രത്തില്‍ ഫ്രാങ്കി എന്ന കൊച്ചനിയനായി  എത്തിയ മാത്യൂസ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം തന്നെ അനിയനായി മാറുകയായിരുന്നു.

മാത്യൂസിന്റെ ഫ്രാങ്കിയായുള്ള വളർച്ചയുടെ വീഡിയോ പങ്കുവെച്ചിരിക്കുകാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഫഹദ് ഫാസിൽ, സൗബിൻ സാഹിർ, ഷൈൻ നിഗം തുടങ്ങിയ മികച്ച താരങ്ങൾക്കൊപ്പം ഒരു സിനിമ തുടക്കകാരന് എങ്ങനെ ഇത്രയും മികച്ചൊരു കഥാപാത്രമായി മാറാൻ സാധിച്ചുവെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ചിത്രത്തിന്റെ ഗ്രൂമിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ  പങ്കുവെച്ചിരിക്കുന്നത്. സ്‌കൂള്‍ കുട്ടിയായി എത്തിയ മാത്യു തോമസിന്റെ ഫ്രാങ്കിയിലേക്കുള്ള പരിണാമമാണ് വീഡിയോയിൽ കാണുന്നത്. മാത്യൂസിന്റെ ഓഡീഷന്‍ രംഗങ്ങളും, ഗ്രൂമിംഗ് രംഗങ്ങളും  സിനിമ ചിത്രീകരണത്തിലെ ചില രംഗങ്ങളും കോര്‍ത്തിണക്കിക്കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. യുട്യൂബില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more: ‘നീ ജെസ്റ്റ് ഒന്ന് ചേട്ടാന്ന് വിളിച്ചേ’..സൗബിന് ആശംസയുമായി കുമ്പളങ്ങി ടീം; വീഡിയോ കാണാം…

ഫഹദ് ഭാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

അതേസമയം ചിത്രത്തില്‍ പ്രധാന കഥാപാത്രമായത്തെുന്ന സൗബിന്‍ സാഹിറിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. താരത്തെ അഭിനന്ദിച്ചുകൊണ്ട് സിനിമയിലെ ഒരു രംഗവും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ സാഹിറിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.