കൊച്ചി മെട്രോ ഇനി ഗൂഗിൾ മാപ്പിലും

April 13, 2019

കൊച്ചി മെട്രോ ഇനി ഗൂഗിളിലും ലഭ്യമാകും. യാത്രക്കാരെ സമയ നഷ്ടമില്ലാതെ  ലക്ഷ്യസ്ഥാനത്ത് എത്തുക്കുന്നതിന്റെ ഭാഗമായി മെട്രോ റെയിൽ സേവനങ്ങളും ഇനി ഗൂഗിളിൽ അറിയാം. മെട്രോ ട്രെയിനുകൾ പോകുന്ന സമയം, റൂട്ട്, നിരക്ക് തുടങ്ങി ആവശ്യമായ എല്ലാ വിവരങ്ങളും ഇതോടെ ഗൂഗിളിൽ ലഭ്യമാകും.

മറ്റ് സ്ഥലങ്ങളിലും നിന്നും കൊച്ചിയിലേക്ക് എത്തുന്ന ആളുകൾക്ക് ഗൂഗിൾ മാപ്പു വഴി അടുത്തുള്ള മെട്രോ സ്റ്റേഷൻ കണ്ടുപിടിക്കാം. ഒരോ സ്റ്റേഷനിലും മെട്രോ ട്രെയിൻ എത്തുന്ന സമയം, എത്ര സമയം നിർത്തിയിടും, എത്ര രൂപയാണ് ചാർജ് തുടങ്ങി മെട്രോ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഗൂഗിളിൽ ലഭ്യമാകുന്നതോടെ മെട്രോ യാത്രകൾ മുൻകൂട്ടി ക്രമീകരിച്ച വിധത്തിലാക്കാം.

Read also: ബസ് ഓടിച്ച് കുരങ്ങ്; പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ, പണി വാങ്ങിച്ച് ഡ്രൈവർ, വൈറൽ വീഡിയോ കാണാം

കൊച്ചി മെട്രോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് ഭാഗമായി കെ എം ആർ എൽ നടപ്പാകുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസമാണ് ഗൂഗിൾ കെ എം ആർ എല്ലുമായി ചേർന്ന് ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടത്. യാത്രക്കാർക്ക് സുരക്ഷിതവും സുതാര്യവുമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി അടുത്ത ഘട്ടത്തിൽ നഗരത്തിലെ ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തെയും ഗൂഗിൾ മാപ്പിൽ ലഭ്യമാക്കും.

യാത്രക്കാർ മെട്രോ കൂടുതൽ ഉപയോഗിക്കുന്നതിനായി, തുടർയാത്ര സൗകര്യം കാര്യക്ഷമമാക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിൽ ചെറു ബസുകൾ ഉപയോഗിക്കാനും  അധികൃതർ തീരുമാനിച്ചിരുന്നു. നഗരത്തിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ ഓൺലൈൻ ടാക്സി സർവീസുകൾ തുറക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി യുബർ, ഓല കമ്പനികളുമായി കരാർ ഒപ്പിട്ടതായും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.