ഇവനാണ് യഥാർത്ഥ ഹീറോ; കുഞ്ഞു ജീവൻ ഹൃദയത്തിലേറ്റിയ ഹസ്സന് അഭിനന്ദന പ്രവാഹം

April 17, 2019

കുരുന്നു ജീവൻ രക്ഷിക്കുന്നതിനായി കേരളം ഒന്നായി പ്രാർത്ഥനയോടെ കാത്തുനിന്ന ദിനമായിരുന്നു ചൊവ്വാഴ്ച്ച.. 15 ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിൽ ആംബുലൻസ് എത്തുന്നതുവരെ നാടെങ്ങും പ്രാർത്ഥന മാത്രമായിരുന്നു. റോഡ്  മാർഗം മംഗലാപുരത്തുനിന്നും കൊച്ചിലേക്ക് 400 കിലോമീറ്റർ. വെറും അഞ്ചര മണിക്കൂറുകൊണ്ട് 400 കിലോമീറ്ററിൽ ദൂരം പിന്നിട്ട് ആംബുലൻസ് അമൃത ആശുപത്രിയിൽ എത്തിച്ചപ്പോൾ കേരളക്കര മുഴുവൻ ബഹുമാനത്തോടെ നോക്കിനിന്നതും ദൈവമായി അവതരിച്ച ഈ മനുഷ്യൻ മുന്നിലാണ്.. അത് മറ്റാരുമല്ല  ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സന്‍ ദേളി എന്ന യുവാവാണ്.

കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം  പ്രായമായ കുട്ടിയെ ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ആദ്യം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള എന്ന സന്നദ്ധ സംഘടനയാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും ആംബുലന്‍സിന് സുഗമമായ വഴിയൊരുക്കണമെന്ന തരത്തിലുള്ള വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും നല്‍കികൊണ്ടിരുന്നു. പിന്നീട് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ഇടപെട്ട്  കുഞ്ഞിന്റെ ചികിത്സ കൊച്ചി അമൃതയിലേക്ക് മാറ്റി. കുട്ടിയുടെ ചികിത്സാച്ചിലവും സർക്കാർ ഏറ്റെടുത്തു.

Read also: വഴിമാറി കേരളം; ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുമായി ആംബുലൻസ് കൊച്ചി അമൃതാ ഹോസ്പിറ്റലിൽ

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി വെറും അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ എന്ന ദൗത്യം വിജയത്തിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ഹസൻ ദേളിക്ക് ഇതോടെ കേരളക്കരയുടെ അഭിനന്ദന പ്രവാഹമാണ്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശിയാണ് ഹസ്സന്‍. സിനിമാ താരം നിവിൻ പോളിഅടക്കമുള്ളവർ ഹസനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. “ഹസൻ നിങ്ങൾ ഒരു സാധാരണ മനുഷ്യൻ അല്ല, ഒരു മാലാഖയാണ്, നിങ്ങളുടെ ഈ പ്രവർത്തി എന്നും നന്ദിയോടെ ഓർമ്മിക്കപെടും, ബിഗ്  സല്യൂട്ട് സഹോദരാ ” നിവിൻ ഫേസ്ബുക്കിൽ കുറിച്ചു. ദീര്‍ഘകാലമായി ആംബുലന്‍സ് ഡ്രൈവറായി കാസർഗോഡ് സേവനമനുഷ്ടിക്കുകയാണ് ഹസൻ.