മഴ, ചായ, ജോണ്‍സണ്‍ മാഷ്… ആഹാ!; ശ്രദ്ധേയമായി ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ പുതിയ ടീസര്‍

April 24, 2019

നല്ല മഴ പെയ്യുമ്പോള്‍ ചൂട് ചായ ഊതി ഊതി കുടിക്കണം. പശ്ചാത്തലത്തില്‍ ജോണ്‍സണ്‍ മാഷിന്റെ മനോഹര സംഗീതവും പെയ്തിറങ്ങണം. വല്ലാത്തൊരു കോമ്പിനേഷന്‍ തന്നെയാണ് മഴയും ചായയും പിന്നെ ജോണ്‍സണ്‍ മാഷിന്റെ സംഗീതവും. ഈ ഒരു കോമ്പിനേഷനെ പ്രണയിക്കുന്നവരാണ് മലയാളികളില്‍ അധികവും. സുന്ദരവും അത്രമേല്‍ മനോഹരവുമായ ഈ  കോമ്പിനേഷനെ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍.

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം നാളെ തീയറ്ററുകളിലെത്തും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ ചിത്രം ശ്രദ്ധേയമായിരുന്നു. കളര്‍ഫുള്ളായാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഓരോ പോസ്റ്ററുകളിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ‘ഒരു യമണ്ടന്‍ പ്രേമകഥ’യില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ശ്രദ്ധേയനായ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read more:നിഗൂഢതകള്‍ നിറച്ച് ‘അതിരനി’ലെ ഈ താഴ്‌വര ഗാനം; വീഡിയോ

നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതും. കൊച്ചി കേന്ദ്രമാക്കിയായിരുന്നു ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

2017 ഒക്ടോബര്‍ 5 ന് പുറത്തിറങ്ങിയ ‘സോളോ’ ആണ് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ അവസാന ചിത്രം. ബിജോയ് നമ്പ്യാരാണ് ‘സോളോ’യുടെ സംവിധായകന്‍. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.