സൂപ്പര്‍ ലുക്കില്‍ സ്റ്റൈല്‍ മന്നന്‍; ‘ദര്‍ബാറി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു

April 26, 2019

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. എ ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ‘ദര്‍ബാറി’ന്റെ ഭാഗായിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് നയന്‍താര ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അടുത്തിടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. അതേസമയം ദര്‍ബാറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നുണ്ട്. സ്‌റ്റൈല്‍ മന്നന്‍ എന്ന വിളിപ്പേരുപോലെ സൂപ്പര്‍ ലുക്കിലാണ് രജനീകാന്ത് ലൊക്കേഷന്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച ആവസാന ചിത്രം. അതേസമയം രജനീകാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

‘ദര്‍ബാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ ചിത്രത്തിന്റെ അണിറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു പെലീസുകാരനായിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ ‘ദര്‍ബാറി’ലെത്തുന്നത് എന്നാണ് സൂചന. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം ഇളയദളപതി വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ ‘സര്‍ക്കാര്‍’ ആയിരുന്നു എ ആര്‍ മുരുഗദോസ് സംവിധാനം നിര്‍വ്വഹിച്ച അവസാന ചിത്രം. മുരുഗദോസ് സംവിധാനം നിര്‍വ്വഹിച്ച ‘കത്തി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’.

Read more:പുതിയ ലുക്കില്‍ ജയറാം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വ്വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.