വാര്‍ത്തകളിലെ വ്യാജന്മാരെ തിരിച്ചറിയാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

എന്തിനും ഏതിനും വ്യാജന്മാര്‍ ഇറങ്ങുന്ന കാലമാണിത്. ‘ഇതിലേതാ ഒര്‍ജിനല്‍’ എന്ന് തലപുകഞ്ഞ് ആലോചിക്കേണ്ടുന്ന കാലം. ദിനംപ്രതി നമുക്ക് മുന്നിലേക്കെത്തുന്ന വാര്‍ത്തകളിലുമുണ്ട് വ്യാജന്മാര്‍ ഏറെ. വാര്‍ത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് മനസിലാക്കാതെ അത്തരം വാര്‍ത്തകള്‍ മറ്റ് പലരിലേക്കും പങ്കുവെയ്ക്കുന്നവരാണ് നമ്മളില്‍ പലരും.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം രാവിലെ ഫോണ്‍ തുറന്ന ഞാന്‍ ആദ്യം കണ്ട വാര്‍ത്ത സീരിയല്‍ താരം അനു ജോസഫ് വാഹനാപകടത്തില്‍ മരണപ്പെട്ടു എന്നാണ്. എന്റെ നാട്ടുകാരികൂടിയായ താരത്തിന്റെ മരണവാര്‍ത്തയില്‍ ഞാനും ഞെട്ടി. തെട്ടുപിന്നാലെ സത്യാവസ്ഥ തിരിച്ചറിഞ്ഞു, അത് വെറും ഒരു വ്യാജ വാര്‍ത്തയാണെന്ന സത്യം. ‘പയറുപോലെ’ ജീവിച്ചിരിക്കുന്നവരെ എത്രയോ നിസാരമായാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ കൊന്നൊടുക്കുന്നത്.

അനു ജോസഫിന്റെ മരണ വാര്‍ത്ത വെറുമൊരു ഓറ്റപ്പെട്ട ഉദഹരണമല്ല. നിരവധി താരങ്ങളെ ഇങ്ങനെ നിര്‍ഭയം കൊന്നൊടുക്കിയിട്ടുണ്ട് വ്യാജവാര്‍ത്തകള്‍. സത്യാവസ്ഥ തിരിച്ചറിയാതെ ഇത്തരം വാര്‍ത്തകള്‍ നാം പങ്കുവയ്ക്കുമ്പോള്‍ സമൂഹത്തോട് ചെയ്യുന്ന വലിയ ഒരു അപരാധമായി തന്നെ വേണം ഇതിനെ കരുതാന്‍. വ്യാജ വാര്‍ത്തകളെ എങ്ങനെ തിരച്ചറിയാം എന്നത് പലരെയും അലട്ടുന്ന ഒരു ചോദ്യമാണ്. എന്നാല്‍ അല്‍പമെന്നു ശ്രദ്ധിച്ചാല്‍ വ്യാജ വാര്‍ത്തകളെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

വ്യാജ വാര്‍ത്തകളെ തിരിച്ചറിയാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

* തലക്കെട്ടുകള്‍
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലുമൊക്കെ പങ്കുവെയ്ക്കപ്പെടുന്ന വാര്‍ത്തകളുടെ തലക്കെട്ടിന്റെ കാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കണം. പെട്ടെന്ന് ആകര്‍ഷിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളില്‍ കൂടുതലും വ്യാജമാകാനാണ് സാധ്യത.

* ലിങ്കുകള്‍
നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളുടെ ലിങ്കുകളും ശ്രദ്ധിക്കണം. മഴക്കാലത്ത് കൂണ് മുളച്ചുപൊന്തുന്നതുപോലെയാണ് ഇക്കാലത്ത് വാര്‍ത്താ വെബ്‌സൈറ്റുകളും മുളച്ചുപൊന്തുന്നത്. എന്നാല്‍ കൃത്യതയോടെ, സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്ന സൈറ്റുകള്‍ വിരളമാണ്. ശരിയായ വെബ്‌സൈറ്റുകളില്‍ നിന്നും നേരിയ വിത്യാസം വരുത്തിയുട്ടുള്ള നിരവധി വെബ്‌സൈറ്റുകളുമുണ്ട് ഇക്കാലത്ത്. ജനങ്ങളെ വളരെ വേഗം തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സാധിക്കും.

* വാര്‍ത്തയുടെ ഉറവിടം
നമുക്ക് മുന്നിലേക്കെത്തുന്ന വാര്‍ത്തയുടെ ഉറവിടം ഏതാണെന്ന് കൃത്യമായി തിരിച്ചറിയണം. പരിചിതമല്ലാത്ത, കേട്ടറിവ് പോലും ഇല്ലാത്ത വെബ്‌സൈറ്റുകളെ വാര്‍ത്തകള്‍ക്കായി കൂടുതല്‍ ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്.

* ചിത്രങ്ങള്‍
വാര്‍ത്തയുടെ തലക്കെട്ടിനൊപ്പം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാജവാര്‍ത്തകളുടെ ചിത്രങ്ങളില്‍ പലതും ഫോട്ടോഷോപ്പ് ചെയ്തവയായിരിക്കും. വ്യാജവാര്‍ത്തകള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ പലതും യഥാര്‍ത്ഥമായിരിക്കണമെന്നില്ല.

* മറ്റ് മാധ്യമങ്ങളെ ആശ്രയിക്കുക
വ്യാജ വാര്‍ത്തകളെ തിരിച്ചറിയാന്‍ സാധിക്കുന്ന മറ്റൊരു മാര്‍ഗമാണ് മറ്റ് മാധ്യമങ്ങളെ ആശ്രയിക്കുക എന്നത്. ഒരു വാര്‍ത്ത ലഭിക്കുമ്പോള്‍ അതേ വാര്‍ത്ത മറ്റ് മാധ്യമങ്ങളിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇതേ വാര്‍ത്ത നല്ല രീതിയില്‍ പ്രചാരത്തിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും വിലയിരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *