മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം; സംവിധാനം മധു വാര്യര്‍

May 9, 2019

മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം വരുന്നു. മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മധു വാര്യര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചതും. മോഹന്‍ദാസ് ദാമോദരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രമോദ് മോഹനാണ് രചന. ചിത്രത്തിന്റെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സഹോദരിയെ കേന്ദ്ര കഥാപാത്രമാക്കി മധു വാര്യര്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

“ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. Mohandas Damodaran നിര്‍മ്മിച്ച് Pramod Mohan ന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.” എന്നാണ് ചിത്രത്തെക്കുറിച്ച് മധു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വിത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്തും മികവ് തെളിയിച്ചിട്ടുള്ള താരമാണ് മധു വാര്യര്‍, വാണ്ടഡ്, കാമ്പസ്, നേരറിയാന്‍ സിബിഐ, പറയാം, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, ഹലോ, റോമിയോ, പത്താം അധ്യായം, സ്വ ലേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മധു വാര്യര്‍ ശ്രദ്ധേയനായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more:‘ഇതിലേതാ ശരിക്കും ജോസഫ്’; ജോജുവിനൊപ്പം താരത്തിന്റെ അപരനും: വീഡിയോ ശ്രദ്ധേയമാകുന്നു

അതേസമയം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നാല്‍പത്തിയൊന്ന് എന്ന ചിത്രത്തിലും ബിജു മേനോനാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് നാല്‍പത്തിയൊന്ന്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന, മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം നിര്‍വ്വബിക്കുന്ന ലൂസിഫര്‍ ആണ് മഞ്ജുവാര്യരുടെ റിലീസ് ചെയ്ത അവസാന ചിത്രം.

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും മധു വാര്യര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിനുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങളൊക്കെയും തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.