‘വിച്ചര്‍ വേഷത്തിലുള്ള ചന്ദ്രോത്ത് പണിക്കരെ’ ഇഷ്ടമായെന്ന് ഉണ്ണി മുകുന്ദന്‍

June 6, 2019

താരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും താരങ്ങളുടെ വിനോദങ്ങളും കുസൃതികളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.

ആരാധകരില്‍ ആരോ തയാറാക്കിയ മനോഹരമായ ഒരു ട്രോളാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്. ഈ ഫാന്‍ മെയ്ഡ് ട്രോള്‍ ഇഷ്ടപ്പെട്ടു എന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉണ്ണിമുകുന്ദനെയും ഹോളിവുഡ് നടനെയും ചേര്‍ത്തുവെച്ചുകൊണ്ടാണ് ഈ ട്രോള്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാമാങ്കം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മുണ്ട് ഉടുത്ത് കഴുത്തില്‍ വേഷ്ടി അണിഞ്ഞു നില്‍ക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ചിത്രങ്ങല്ള്‍ നേരത്തെതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

കുതിരയ്ക്ക് സമീപം നില്‍ക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ചിത്രത്തിനൊപ്പം ഹെന്റി കേന്ദ്ര കഥാപാത്രമായെത്തുന്ന ടിവി സീരീസായ ദ് വിച്ചറിലെ കഥാപാത്രത്തെയും ചേര്‍ത്തുവെച്ചുകൊണ്ടാണ് രസകരമായ ട്രോള്‍ ഒരുക്കിയിരിക്കുന്നത്. വിച്ചര്‍ വേഷത്തില്‍ കുതിരയ്‌ക്കൊപ്പം നില്‍ക്കുന്ന ചന്ദ്രോത്ത് പണിക്കരെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.

Read more:പിറന്നാള്‍ നിറവില്‍ ഭാവന; ആശംസകളുമായി മഞ്ജു വാര്യര്‍

ആന്‍ഡ്രൈ സപ്‌കോവ്‌സ്‌കി രചിച്ച ഫാന്റസി നോവലാണ് ദ് വിച്ചര്‍. ഈ നോവലിനെ ആസ്പദമാക്കിയാണ് എട്ട് എപ്പിസോടുകള്‍ അടങ്ങുന്ന ടിവി സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്നത്.

അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നതും.