മുട്ട പൊട്ടിക്കണമെങ്കില്‍ ചുറ്റിക വേണം, ജ്യൂസ് കുടിക്കണമെങ്കില്‍ ചൂടാക്കണം; സിയാച്ചിനിലെ സൈനികരുടെ വീഡിയോ ശ്രദ്ധേയമാകുന്നു

June 11, 2019

കൗതുകകരമായ പലതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ കൗതുകവും അമ്പരപ്പും അതുപോലെ ആദരവും തോന്നുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. വീഡിയോയിലെ താരങ്ങളാകട്ടെ ഇന്ത്യയുടെ സൈനികരും. ഇന്ത്യയുടെ അതിര്‍ത്തി മേഖലയായ സിയാച്ചിനില്‍ നിന്നുള്ളതാണ് ഈ വീഡിയോ. സിയാച്ചിനിലെ സൈനികരുടെ അവസ്ഥ വ്യക്തമാക്കുന്നുണ്ട് ഈ വീഡിയോയിലൂടെ. കൊടും തണുപ്പില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ കാഴ്ചക്കാരുടെ കണ്ണുകളെ അമ്പരപ്പെടുത്തുന്നു. പാറപോലെ ഉറച്ച ജ്യൂസും മുട്ടയുമൊക്കെ വീഡിയോയില്‍ കാണാം. തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി സൈനികര്‍ നേരിടേണ്ടിവരുന്ന ഇത്തരം കഠിനാവസ്ഥ പല കാഴ്ചക്കാരുടെയും ഉള്ളുലയ്ക്കുന്നു.

സൈനികര്‍ തന്നെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചതും. സൈനികര്‍ ആദ്യം ഒരു ജ്യൂസ് പായ്ക്കറ്റ് പൊട്ടിച്ചു കാണിക്കുന്നു. കൊടിയ തണുപ്പില്‍ ജ്യൂസ് പാറ പോലെ ഉറച്ചിരിക്കുന്ന അവസ്ഥയിലാണ്. ചുറ്റിക കൊണ്ട് അടിച്ചാല്‍ പോലും പൊട്ടാത്ത അവസ്ഥ. ജ്യൂസ് കുടിക്കണമെങ്കില്‍ ചൂടാക്കണമെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നു.

ഇതുപോലെതന്നെയാണ് മുട്ടയുടെ അവസ്ഥയും. മുട്ട പൊട്ടിക്കണമെങ്കില്‍ ചുറ്റിക കൊണ്ട് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അടിക്കണം. കുറെ തവണ പരിശ്രമിക്കുമ്പോള്‍ മാത്രമാണ് പച്ചക്കറികള്‍ പോലും മുറിക്കാന്‍ സാധിക്കുന്നത്.

Read more:ഫോണിലെ ബാറ്ററി ചാര്‍ജ് ആകാന്‍ മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. കൊടും തണുപ്പാണ് ഇവിടെ. മൈനസ് 40 മുതല്‍ മൈനസ് 70 ഡിഗ്രിവരെയാണ് താപനില. എന്തും തണുത്തുറഞ്ഞു പോകുന്ന അവസ്ഥ. സിയാച്ചിനിലെ തണിപ്പിന്റെ കാഠിന്യവും തീവ്രതയുമെല്ലാം സൈനികര്‍ പങ്കുവച്ച ഈ വീഡിയോയില്‍ ദൃശ്യമാണ്. വലിയ രീതിയിലുള്ള കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയുമെല്ലാം അതിജീവിച്ചുകൊണ്ട് രാജ്യം കാക്കുന്ന സൈനകര്‍ക്ക് സല്യൂട്ട് നല്‍കുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ. ഇതിനോടകം തന്നെ ഈ വീഡിയോ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നതും.