നോവുപടര്‍ത്തി ‘തൊട്ടപ്പനി’ലെ പുതിയ വീഡിയോ ഗാനം

June 11, 2019

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍’. തീയറ്ററുകലില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതും. ചിത്രത്തിലെ വിനായകന്റെ അഭിനയത്തെ പുകഴ്ത്തുന്നവരും നിരവധിയാണ്. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനം. ഒരു മഴ നൂല് പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നുണ്ട് ഈ ഗാനം.

ചിത്രത്തിലെ കായലേ… എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ആസ്വാദകരില്‍  വേര്‍പാടിന്‍റെ നോവുണര്‍ത്തുന്നുണ്ട്  ഈ ഗാനം. സിതാര കൃഷ്ണകുമാറാണ് ഈ മനോഹരഗാനത്തിന്‍റെ ആലാപനം. അജീഷ് ദാസന്‍റേതാണ് ഗാനത്തിന്‍റെ വരികള്‍. എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

മികച്ച പ്രതികരണം നേടുന്നുണ്ട് ഈ ഗാനം. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കു. ഷാനവാസ് ബാവുക്കുട്ടിയാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്.

പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവുക്കുട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

തലതൊട്ടപ്പന്‍ ബന്ധത്തിന്റെ തീവ്രതയാണ് തൊട്ടപ്പന്റെ മുഖ്യ പ്രമേയം. തൊട്ടപ്പന്‍ മകളെ വളര്‍ത്തിയതും, മകളെ സ്വാധീനിച്ചതും, സ്‌നേഹിച്ചതുമെല്ലാം അതേ വൈകാരികതയോടെ തന്നെ ചിത്രത്തിലും പ്രതിഫലിക്കുന്നുണ്ട്.