‘ഡയലോഗ് പഠിക്കാന്‍ പാടുപെടുന്ന കുഞ്ചാക്കോ ബോബനും, മൊബൈലില്‍ കുത്തിക്കളിക്കുന്ന ടൊവിനോയും; വീഡിയോ

June 13, 2019

ചലച്ചിത്ര താരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും സ്വകാര്യ വിനോദങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ വൈറസ് എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കുഞ്ചാക്കോ ബോബനാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. താരം കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുന്നതും ടൊവിനോ മൊബൈല്‍ ഫോണില്‍ കുത്തിക്കളിക്കുന്നതുമാണ് വീഡിയോയില്‍.

ഒരു വിങ്ങലോടെയല്ലാതെ മലയാളികള്‍ക്ക് നിപാ കാലത്തെ ഓര്‍മ്മിക്കാനാവില്ല. നിപായില്‍ മരണം കവര്‍ന്നവരെയും. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആഷിഖ് അബു സംവിധാനം നിര്‍വ്വഹിച്ച വൈറസ് എന്ന ചിത്രം. നിപാ വൈറസിനെ പ്രമേയെമാക്കിയുള്ള ചിത്രമാണ് ഇത്. നിപാ കാലത്തിന്റെ പച്ചയായ ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. ഭയത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥ പറയുന്ന വൈറസ് തീയറ്ററുകളില്‍ പ്രേക്ഷകന്റെ ഉണ്ണുലയ്ക്കുന്നു, ഭയം നിറയ്ക്കുന്നു, ഓടുവില്‍ ആശ്വസിപ്പിക്കുന്നു. ചിത്രത്തില്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. സുരേഷന്‍ രാജന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് കളക്ടറായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

രേവതി, കുഞ്ചാക്കോ ബോബന്‍ റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’.