‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ ല്‍ ഗെയിം ഓഫ് ത്രോണ്‍സ് താരവും

June 20, 2019

നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’. ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു വാര്‍ത്ത കൂടി. ഗെയിം ഓഫ് ത്രോണ്‍സ് താരം റോണ്‍ ഡൊണച്ചിയും ‘റോക്കട്രി: ദ് നമ്പി ഇഫക്ട് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അതുപോലെതന്നെ ‘ഡൗണ്‍ ടൗണ്‍ ആബെ’ നായിക ഫില്ലിസ് ലോഗനും ചിത്രത്തിലുണ്ടാകും. ഗെയിം ഓഫ് ത്രോണ്‍സില്‍ സെര്‍ റോഡ്രിക് കാസ്സല്‍ എന്ന കഥാപാത്രത്തെയാണ് റോണ്‍ ഡൊണച്ചി അവതരിപ്പിച്ചത്.

അതേസമയം സിമ്രാനും ചിത്രത്തിലെത്തുന്നു. നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാനും മാധവനും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റോക്കട്രി: ദ് നമ്പി ഇഫക്ട് എന്ന സിനിമയില്‍ നമ്പി നാരായണന്റെ ഭാര്യ മീന നമ്പിയുടെ വേഷത്തിലാണ് സിമ്രാന്‍ എത്തുന്നത്. 2002 ല്‍ പുറത്തിറങ്ങിയ ‘കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന സിനിമയുടെ സഹസംവിധായകന്‍ കൂടിയാണ് മാധവന്‍. നമ്പി നാരായണനായുള്ള മാധവന്റെ മെയ്ക്ക് ഓവര്‍ ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

Read more:‘ലൂസിഫറി’ലെ ജയില്‍ സംഘട്ടനരംഗം ചിത്രീകരിച്ചത് ഇങ്ങനെ; വീഡിയോ

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി വന്നത്.

ആനന്ദ് മോഹനാണ് റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിലപ്പോള്‍ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റാണെന്ന്’ ടീസറില്‍ പറയുന്നുണ്ട്. ഈ വാക്യവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.