ബാബുരാജിനൊപ്പം നാലു നായികമാർ; ശ്രദ്ധേയമായി ‘ബ്ലാക്ക് കോഫി’യുടെ ലൊക്കേഷൻ വീഡിയോ

സിനിമ കണ്ട് വായിൽ വെള്ളമൂറിയ അനുഭവവുമുണ്ട് മലയാളികൾക്ക്. മലയാളികളുടെ ഇഷ്ട വിഭവങ്ങളെല്ലാം ഒരു സ്‌ക്രീനിൽ എത്തിയ ചിത്രമായിരുന്നു സാൾട്ട് ആൻഡ് പെപ്പർ.  സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ താരങ്ങൾ ബ്ലാക്ക് കോഫിയിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജാണ് ബ്ലാക്ക് കോഫിയുടെ സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ബ്ലാക്ക് കോഫി; ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം തീയറ്ററുകളിലേക്കെത്തുക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ബാബുരാജ് തന്നെയാണ്.

സിനിമയുടെ ചിത്രീകരണം എറണാകുളത്ത് കാക്കനാട് ആരംഭിച്ചു. ആഷിഖ് അബു ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. ലാല്‍, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്‌ളാറ്റിൽ പാചകക്കാരനായെത്തുന്നു. തുടര്‍ന്ന് അരങ്ങേറുന്ന രസകരമായ  സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Read also: ‘തണ്ണീർമത്തൻ ദിനങ്ങളു’മായി വിനീത് ശ്രീനിവാസൻ

ആഷിഖ് അബു സംവിധാനം നിര്‍വ്വഹിച്ച ചിത്രമായിരുന്നു സാൾട്ട് ആന്‍ഡ് പെപ്പര്‍. 2011-ലാണ് ചിത്രം തീയറ്ററുകളിലെത്തിയത്. 2011 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു. ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി, കല്പന, ബാബു രാജ്, വിജയ രാഘവന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *