‘പള്ളിച്ചട്ടമ്പി’യായി ടൊവിനോ; പുതിയ ചിത്രം വരുന്നു

June 19, 2019

കുറഞ്ഞ കാലയളവുകൊണ്ട് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലൂസിഫറിലെയും ഉയരെ എന്ന ചിത്രത്തിലെയും ടോവിനോയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു, അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ.

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘പള്ളിച്ചട്ടമ്പി’ എന്നാണ് ചിത്രത്തിന്റെ പേര്. ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും, പള്ളിച്ചട്ടമ്പി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചത്.

അതേസമയം ഈ മാസംതന്നെ ടൊവിനോ നായകനായെത്തുന്ന രണ്ട് ചിത്രങ്ങള്‍ തീയറ്ററുകളിലെത്തും.്’ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ എന്നാണ് ഒരു ചിത്രത്തിന്റെ പേര്. സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്. ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രേമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയേക്കും. ജൂണ്‍ 21 ന് ചിത്രം വെള്ളിത്തിരയിലെത്തും.

ടൊവിനോ തേമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’ എന്നാണ് സൂചന. ജൂണ്‍ 28 ന് ലൂക്ക തീയറ്ററുകളിലെത്തും.

കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.