‘ജാതിക്കാത്തോട്ടം… എജ്ജാതി നിന്‍റെ നോട്ടം….’; ഹൊ എന്തൊരു ഫീലാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഈ പാട്ട്

July 15, 2019

ചില പാട്ടുകള്‍ അങ്ങനാണ്. എത്ര കേട്ടാലും മതിവരില്ല. പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കാന്‍ തോന്നും. ഇത്തരത്തിലുള്ള ഒരു പാട്ട് ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ദേയമാവുകയാണ്. ‘ജാതിക്കാത്തോട്ടം… എജ്ജാതി നിന്റെ നോട്ടം…’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകന്റെ ഉള്ളിലേയ്ക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഒമ്പത് ലക്ഷത്തിലധികം ആളുകളാണ് ഈ ഗാനം കണ്ടത്. സൗമ്യ രാമകൃഷ്ണനും സംഗീത സംവിധായകന്‍ ബിജിബാലിന്റെ മകന്‍ ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടേതാണ് ഗാനത്തിലെ വരികള്‍. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് ഗിരീഷ്.

Read more:എന്തൊരു മൊഞ്ചാണ്; ഈ അറബിപെണ്‍കുട്ടിയുടെ മലയാളം പാട്ടും വര്‍ത്തമാനവും: വീഡിയോ

പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജോമോന്‍ ടി ജോണും ഷെബിന്‍ ബക്കറും ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ നിര്‍മ്മാണം. സ്‌കൂള്‍ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറും മികച്ച പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.