”പന്നിയല്ല, ഭാര്യ പത്‌നി”; മകന്‍ ആദിയെ മലയാളം പഠിപ്പിച്ച് ജയസൂര്യ: ചിരിവീഡിയോ

July 30, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ കുടുംബ വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ ഏറെ മുന്നിലാണ് മലയാളികളുടെ പ്രിയ താരം ജയസൂര്യ. മകന്‍റെ പഠിക്കുന്നതിന്‍റെ ഒരു വീഡിയോയാണ് താരം ഇത്തവണ പങ്കുവച്ചിരിക്കുന്നത്.

മകന്‍ അദ്വൈത് മലയാളം തെറ്റായി വായിക്കുമ്പോള്‍ ജയസൂര്യ അത് തിരുത്തിക്കൊടുക്കുന്നു. ജയസൂര്യ തന്നെയാണ് ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചതും. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നുണ്ട് ഈ വീഡിയോ.

 

View this post on Instagram

 

Padippist Of the year Award goes to…..

A post shared by actor jayasurya (@actor_jayasurya) on

അതേസമയം കഴിഞ്ഞ ദിവസം മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടുമ്പോഴും തന്റെ കുടുംബത്തെക്കുറിച്ച് ഹൃദയംതൊടുന്ന വാക്കുകളാണ് ജയസൂര്യ പങ്കുവച്ചത്. ‘സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ ഒരു ജോഡി ഡ്രസ്സ് സമ്മാനിച്ചു. നല്ല ഡ്രസ്സ്. ഏതെങ്കിലും ഫംഗ്ഷനു ഇടാം എന്നു ഞാന്‍ പറഞ്ഞു. ഫംഗ്ഷനു ഇടാനുള്ളതല്ല, ഇതിട്ടു വേണം നിങ്ങള്‍ മികച്ച നടനുള്ള അവാര്‍ഡ് മേടിക്കാന്‍. അവളുടെ മറുപടി കേട്ട് ഞാന്‍ ചോദിച്ചു. അവാര്‍ഡോ.. എനിക്കോ..? മേരിക്കുട്ടിക്ക് നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടും ഉറപ്പാണ്. അവളുടെ പ്രവചനം ഫലിച്ചു. അവള്‍ സമ്മാനിച്ച ഡ്രസ്സാണ് ഞാനിവിടെ ഇട്ടിരിക്കുന്നത്.’ ജയസൂര്യയുടെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

‘രണ്ടുവര്‍ഷം മുന്‍പു എനിക്കൊരു പടത്തിന് അവാര്‍ഡുണ്ടാകുമെന്നു ധ്വനിയുണ്ടായിരുന്നു. പക്ഷേ കിട്ടിയില്ല. അങ്ങനെയിരിക്കെ അപ്പോള്‍ മോന്‍ എന്റെ അടുത്തുവന്നു പറഞ്ഞു: ‘അതൊന്നും സാരമില്ലച്ഛാ..’,ബെസ്റ്റ് ആക്ടര്‍ അവാര്‍ഡൊക്കെ കിട്ടിയാ ഭയങ്കര ബോറാണ്. അവാര്‍ഡ് മേടിക്കാന്‍ ചെന്നാല്‍ കിട്ടാന്‍ ചടങ്ങിന്റെ അവസാനംവരെ കാത്തിരിക്കേണ്ടിവരും..’ അവന്റെ വാക്കുകള്‍ക്ക് മകളും അതെ എന്നു പറഞ്ഞു.

എന്നാല്‍ ഇത്തവണ പുരസ്‌കാരം കിട്ടിയ വാര്‍ത്ത വന്നപ്പോള്‍ അവന്‍ പറഞ്ഞു: ‘ബെസ്റ്റ് ആക്ടര്‍ കിട്ടിയല്ലോ..പൊളിച്ചല്ലോ അച്ഛാ…!’ ഞാന്‍ ചോദിച്ചു, ‘അല്ലെടാ അവാര്‍ഡ് മേടിക്കാന്‍ ചടങ്ങിന്റെ ഒടുക്കം വരെ കാത്തിരിക്കേണ്ടി വരില്ലേ?’ ‘പിന്നല്ലാതെ അവസാനം വരെ ഇരുന്നാലെന്താ.. ബെസ്റ്റ് ആക്ടറല്ലേ..’അപ്പോ അന്നു നീ പറഞ്ഞത്.. എന്നു ചോദിച്ചപ്പോള്‍, അത് ഞാന്‍ അച്ഛനെ സമാധാനിപ്പിക്കാന്‍ പറഞ്ഞതല്ലേ എന്നു മറുപടി നല്‍കി’ മക്കള്‍ക്കും ഭാര്യയ്ക്കും സിനിമയുടെ സംവിധായകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം നന്ദി പറയാനും ജയസൂര്യ മറന്നില്ല.