‘ഡിയര്‍ കോമ്രേഡ്’; വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും കൊച്ചിയിലേക്ക്

July 12, 2019

കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടുന്നു. വിജയ് ദേവരക്കൊണ്ടയെ പോലെതന്നെ രശ്മിക മന്ദാനയ്ക്കുമുണ്ട് ആരാധകര്‍ ഏറെ. ഇരുവരുടെയും മലയാളികളായ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും കൊച്ചിയിലെത്തുന്നു.

ഇരുവരും ഒരുമിച്ചെത്തുന്ന ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് താരങ്ങള്‍ കൊച്ചിയിലെത്തുന്നത്. കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ ഞായറാഴച(14-07-2019) വൈകിട്ട് ആറ് മുതല്‍ ഒമ്പത് വരെയാണ് പരിപാടികള്‍. പ്രവേശനം സൗജന്യമാണ്.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ടാക്‌സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ജൂലൈ 26 ന് ഡിയര്‍ കോമ്രേഡ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്.

Read more:‘ആദ്യത്തെ പ്രണയസമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ്’; ലിഡിയയോടുള്ള പ്രണയത്തെക്കുറിച്ച് ടൊവിനോ

മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയ്‌ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.