മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പുകളിൽ ബയോടോയ്‌ലറ്റുകൾ നൽകി നടൻ ജയസൂര്യ

August 12, 2019

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ ജയസൂര്യ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി പത്ത് ബയോടോയ്‌ലറ്റുകൾ ജയസൂര്യ നൽകിയത്. കോഴിക്കോട്, വയനാട് ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നതിനെത്തുടർന്നാണ് അഞ്ച് ടോയ്‌ലറ്റുകൾ വീതം നൽകിയത്.

നിരവധി ആളുകളാണ് ജില്ലകളിലെ ഓരോ ക്യാമ്പുകളിലുമായി കഴിയുന്നത്. അതുകൊണ്ടുതന്നെ ആളുകൾക്ക് വേണ്ടത്ര ശൗചാലയങ്ങൾക്കുള്ള ദൗർലഭ്യം വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. ഈ സാഹചര്യത്തിലാണ് മുഴുവൻ ചിലവുകളും ഏറ്റെടുത്ത് ബയോടോയ്‌ലറ്റുകൾ നടൻ ജയസൂര്യ നൽകുന്നത്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി രണ്ടരലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. വെള്ളപ്പൊക്കത്തിലും പേമാരിയിലും ഇതുവരെ 77 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 58 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 50 പേര്‍ക്കായി കവളപ്പാറയിലും 7 പേര്‍ക്കായി വയനാട്ടിലും തെരച്ചില്‍ തുടരുന്നു. 2966 വീടുകള്‍ ഭാഗീകമായും 286 വീടുകള്‍ പൂര്‍ണമായും നശിച്ചു.

അതേസമയം ബലിപ്പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്ന് നടൻ കുഞ്ചാക്കോ ബോബനും അറിയിച്ചു.