അട്ടപ്പാടിയിൽ ശക്തമായി കുത്തിയൊഴുകുന്ന പുഴയ്ക്ക് മുകളിലൂടെ ഗർഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ

കേരളത്തിൽ മിക്കയിടങ്ങളിലും മഴ ശക്തമാകുകയാണ്. ഈ സാഹചര്യങ്ങളിൽ പാലക്കാട്ടെ അഗളിയിൽ ആളുകൾ കുടുങ്ങികിടക്കുകയായിരുന്നു.  ഇവിടെ നിന്നും നാട്ടിലേക്കുള്ള പാലവും  നശിച്ചിരുന്നു. ഭവാനിപ്പുഴയിൽ വെള്ളമുയര്‍ന്ന സാഹചര്യത്തിൽ ഇവിടെ നിന്നും അതിസാഹസീകമായി ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു രക്ഷാപ്രവർത്തകർ. ഈ ഊരിൽ അകപ്പെട്ട   എട്ട് മാസമായ ഗര്‍ഭിണിയേയും കൈക്കു‍ഞ്ഞിനെയും സുരക്ഷാസേന രക്ഷപെടുത്തി.

കനത്ത ഒഴുക്കുള്ള പുഴയ്ക്ക് കുറുകെ കയർ കെട്ടി അതിസാഹസികമായാണ് ഗർഭിണിയെ മറുകരയിൽ എത്തിച്ചത്. ഏഴ് മാസം ഗർഭിണിയായ ലാവണ്യ എന്ന യുവതിയെയാണ് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്. ലാവണ്യയുടെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും ഇത്തരത്തിൽ രക്ഷപ്പെടുത്തി. ഗർഭിണിയേയും കുഞ്ഞിനേയും സുരക്ഷിത സ്ഥലത്ത് എത്തിച്ച രക്ഷാപ്രവർത്തകർക്ക് നേരെ കൈകൂപ്പുകയാണ് ജനങ്ങൾ.

മറുകരയിൽ എത്തിയ ഉടനെ സ്ഥലത്ത് ഉണ്ടായിരുന്ന ഡോക്ടർമാർ ലാവണ്യയെ പരിശോധിച്ച് ആരോഗ്യനില തൃപ്‍തികരമെന്ന് രേഖപ്പെടുത്തി.