ഒടുവില്‍ ഉണ്ണി മുകുന്ദന്‍ കണ്ടെത്തി; ആ കുഞ്ഞു ഉണ്ണി മുകുന്ദനെ

August 19, 2019

താരങ്ങളുടെ വെള്ളിത്തിരിയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ആരാധകരോടുള്ള അവരുടെ ഇടപെടലും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. നവമാധ്യമങ്ങളില്‍ സജീവമാണ് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. ആരാധകുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും വിശേഷങ്ങള്‍ പങ്കുവച്ചുമെല്ലാം താരം സോഷ്യല്‍മീഡിയയിലും നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഉണ്ണി മുകുന്ദന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഉണ്ണി മുകുന്ദന്‍ കുഞ്ഞു ഉണ്ണി മുകുന്ദനെ കണ്ടതിനെക്കുറിച്ചാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ആരാണ് ഈ കുഞ്ഞു ഉണ്ണി മുകുന്ദന്‍ എന്നല്ലേ.., ഉണ്ണി മുകുന്ദന്റെ കടുത്ത ആരാധകനായ ഗുരുവായൂര്‍ സ്വദേശി സുനിലാണ് തന്റെ മകന് ഉണ്ണി മുകുന്ദന്‍ എന്ന പേര് നല്‍കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ആരാധനയെക്കുറിച്ച് കേട്ടറിഞ്ഞ ഉണ്ണി മുകുന്ദന്‍ സുനിലിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് താരം ഈ കുഞ്ഞു ഉണ്ണി മുകുന്ദനെ കാണുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. കുഞ്ഞു ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രവും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നതും.

Read more:ഒടുവില്‍ ഉണ്ണി മുകുന്ദന്‍ കണ്ടെത്തി; ആ കുഞ്ഞു ഉണ്ണി മുകുന്ദനെ

മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.