കിടിലന്‍ ലുക്കില്‍ മമ്മൂട്ടി ‘ഷൈലോക്ക്’ ഒരുങ്ങുന്നു

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ് ഷൈലോക്ക് എന്ന ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക്. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്‍റെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

Read more:‘ഈ ചിത്രത്തിലെ ആള്‍ക്ക് എന്ത് പ്രായം വരും’?; മമ്മൂട്ടിയുടെ ചിത്രം നോക്കി വയസ് പ്രവചിച്ച് വിദേശികള്‍: രസകരം ഈ വീഡിയോ

ഷൈലോക്ക് എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായകന്‍. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ഹീറോ. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.