ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞ ചാക്കോ മാഷ് മുതൽ ഒച്ചിന്റെയും ഗുരുവിന്റേയും കഥ പറഞ്ഞ രവിസാർ വരെ; ഓർക്കാം മലയാള സിനിമയിലെ ചില അധ്യാപകരെ

September 5, 2019

ഇന്ന് ഒക്ടോബർ അഞ്ച്…ലോക അധ്യാപക ദിനം..ജീവിതത്തിലെ ഏറ്റവും രസകരമായ മുഹൂർത്തങ്ങൾ പഠനകാലത്താണ് ഉണ്ടാകുക. ഓർമ്മിക്കാൻ രസമുള്ള മുഹൂർത്തങ്ങളും, വേദനയുടെ നനവ് പകരുന്ന നിമിഷങ്ങളുമൊക്കെ സമ്മാനിച്ച ചില അധ്യാപകരുമുണ്ടാവാം ജീവിതത്തിൽ.

മലയാള സിനിമയിലെ ചില അധ്യാപക കഥാപാത്രങ്ങളെയും ഓർത്തെടുക്കാം ഈ ദിനത്തിൽ. സ്ഫടികം എന്ന ചിത്രത്തിലെ തിലകൻ അവിസ്മരണീയമാക്കിയ ചാക്കോ മാഷു മുതൽ തണ്ണീർമത്തൻ ദിനങ്ങളിലെ ഒച്ചിന്‍റെയും ഗുരുവിന്റെയും കഥ പറഞ്ഞ രവി പത്മനാഭൻ സാറുവരെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നിട്ടുണ്ട്.

കണക്കു പഠിപ്പിക്കാൻ എത്തിയ ചാക്കോ മാഷിനെ കുറച്ചൊരു പേടിയോടെയാണ് മലയാളികൾ നോക്കി കാണുന്നതെങ്കിൽ  അല്പം പുച്ഛത്തോടെയും തെല്ലൊരു കൗതുകത്തോടെയുമാണ് മലയാളികൾ രവി സാറിനെ ഓർക്കുന്നത്.

‘മഴയെത്തും മുൻപേ’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നന്ദകുമാർ മാഷിനെയും, ‘തനിയാവർത്തന’ത്തിലെ ബാലൻ മാഷും, ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ വിനയചന്ദ്രൻ മാഷും  ‘പ്രേമ’ത്തിലെ മലരും, ദേശാടനക്കിളി കരയാറില്ലയിലെ  ഉര്‍വശിയുടെ ദേവിക ടീച്ചറും, മാണിക്യകല്ലിലെ പൃഥ്വിരാജിന്‍റെ വിനയചന്ദ്രൻ മാഷും ‘തമാശ’യിലെ ശ്രീനിവാസൻ സാറും ആനന്ദത്തിലെ ലൗലി ടീച്ചറുമടക്കം രസകരമായ ഒരുപാട് അധ്യാപകരും മലയാള സിനിമ അടക്കിവാണിട്ടുണ്ട്.

ചാക്കോ മാഷ് – സ്ഫടികം

ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപം എന്താടാ..?  ബബ്ബ ബബ്ബ ബബ്ബ അല്ല… ഉത്തരം പറയടാ… എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ വിറപ്പിച്ച സ്ഫടികത്തിലെ ചാക്കോ മാഷിനെ മലയാളികൾ ഉള്ളിടത്തോളം കാലം മറക്കില്ല. തിലകനെന്ന അഭിനയ പ്രതിഭ ചാക്കോ മാഷായി വെള്ളിത്തിരയിൽ നിറഞ്ഞാടിയപ്പോൾ മലയാളികള്‍ ഒന്നടങ്കം പറഞ്ഞു…”ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്’. 1995-ല്‍ സംവിധായകന്‍ ഭദ്രന്‍ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് സ്ഫടികം.

നന്ദകുമാർ വർമ്മ – മഴയെത്തും മുൻപേ

മമ്മൂട്ടി അവതരിപ്പിച്ച നന്ദകുമാർ മാഷിനെ മലയാളികൾക്ക് അത്ര പെട്ടന്നൊന്നും മറക്കാനാവില്ല. കർക്കശക്കാരനായ നന്ദകുമാർ മാഷ് കുട്ടികൾക്കിടയിലെ പേടി സ്വപ്നമായിരുന്നുവെങ്കിലും ആ ചുള്ളൻ മാഷിന് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു കോളേജിൽ എന്നത് ശ്രദ്ധേയം. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ശക്തമായ കഥാപാത്രങ്ങളായി ശോഭനയും ആനിയും എത്തുന്നുണ്ട്.

മലർ മിസ് – പ്രേമം

അൽഫോൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലെ മലർ മിസായി വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന താരമാണ് സായി പല്ലവി. നിവിൻ പോളിയ്‌ക്കൊപ്പം ചിത്രത്തിൽ നിറഞ്ഞാടിയ ഈ ടീച്ചർ മലയാള സിനിമയിലെ ഒരു സുന്ദരി തമിഴ് ടീച്ചറായി നിറഞ്ഞുനിന്നു. പ്രേമത്തിലെ പി ടി മാഷായി സൗബിനും. ജാവ സിമ്പിളാക്കി വിമൽ സാറും ചിത്രത്തിൽ നിറഞ്ഞുനിന്നു.

ശ്രീനിവാസൻ സാർ- തമാശ

മലയാളി പ്രേക്ഷകരുടെ സൗന്ദര്യ സങ്കൽപ്പത്തിന് പുതിയൊരു മാനദണ്ഡം സൃഷ്ടിച്ച വ്യക്തിയാണ് തമാശയിലെ ശ്രീനിവാസൻ സാർ. വിനയ് ഫോർട്ട് വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച  ഈ കഥാപാത്രത്തെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

രവിപത്മനാഭൻ – തണ്ണീർമത്തൻ ദിനങ്ങൾ

പ്രേക്ഷകർക്ക് സ്നേഹവും അല്പം വെറുപ്പുമൊക്കെ തോന്നുന്ന കഥാപാത്രമാണ് തണ്ണീർമത്തൻ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവിസ്മരണീയമാക്കിയ രവി പത്മനാഭനെ. ഒച്ചിന്റെയും ഗുരുവിന്റെയും കഥയുമായെത്തി കുട്ടികളെ കയ്യിലെടുക്കുകയാണ് ഈ അധ്യാപകൻ.

വിനയചന്ദ്രൻ മാഷ്- ലൈഫ് ഈസ് ബ്യൂട്ടിഫുൾ

പാഠപുസ്തകങ്ങൾക്കപ്പുറം സ്വയം ജീവിതത്തെ കാണാനും അറിയാനും പഠിപ്പിച്ച വിനയ് ചന്ദ്രൻ മാഷും മലയാളി സിനിമ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ട അധ്യാപകനാണ്. മോഹൻലാലും സംയുക്ത വർമ്മയും വെള്ളിത്തിരയിൽ നിറഞ്ഞാടിയ ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’ എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച ദിവാകരൻ മാഷിലൂടെയാണ് മലയാളികൾ സാൾട്ട് മാംഗോ ട്രീ എന്ന ഉപ്പുമാവിന്റെ ഇംഗ്ലീഷ് വാക്ക് പഠിച്ചത്.

അങ്ങനെ ചിരിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ ഹൃദയത്തിൽ കടന്നുകൂടിയവരാണ് ഈ അധ്യാപകരൊക്കെയും.