ദേ, ഇതാണ് വിനായകന്‍ പിടികൂടിയ ആ സ്രാവ്; പ്രണയമീനുകളുടെ കടല്‍ മെയ്ക്കിങ് വീഡിയോ

October 2, 2019

കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. വിനായകന്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ. ചിത്രത്തിലെ അണ്ടര്‍വാട്ടര്‍ രംഗങ്ങളുടെ മെയ്ക്കിങ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെ സാഹസികമായാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട് ഈ വീഡിയോ.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോണ്‍പോള്‍ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്.

Read more:നിങ്ങൾ പറയു.. ഈ കുട്ടികുറുമ്പന്മാരിൽ ആരാണ് റോമിയോയെന്ന്; രസകരമായ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

ലക്ഷദ്വീപ് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. നിരവധി പുതുമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് പ്രണയമീനുകളുടെ കടല്‍ ഒരുക്കുന്നത്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ്, ഗബ്രി ജോസ്, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ആമി’ എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയ്ക്കുണ്ട്. തെലുങ്ക് താരം റിധി കുമാറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ പ്രമേയം. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നാണ് സൂചന. റഫീഖ് അഹമ്മദും ബികെ ഹരിനാരായണനും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. വിഷ്ണു പണിക്കര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.