പ്രണയാര്‍ദ്രമായി ‘എടക്കാട് ബറ്റാലിയന്‍ 06’ ടീസര്‍

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റേതായി മറ്റ് രണ്ട് ടീസറുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. പുതിയ ടീസറില്‍ ടൊവിനോയും സംയുക്താ മേനോനുമാണ് നിറഞ്ഞു നില്‍ക്കുന്നത്.

അതേസമയം ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രത്തിന്‍റെ ആദ്യത്തെ ടീസര്‍ ഒരുക്കിയത്. രണ്ടാമത്തെ ടീസറില്‍ കുടുംബബന്ധങ്ങളുടെ ആഴവും പരപ്പുമായിരുന്നു നിഴലിച്ചിരുന്നത്. പുതിയ ടീസറിലാവട്ടെ പ്രണയവും. ഒരു ഇടവേളയ്ക്ക് ശേഷം ആക്ഷനും പ്രണയവും കുടുംബസ്നേഹവുമെല്ലാം ഒരു സിനിമയില്‍ ഇഴചേര്‍ക്കപ്പെടുകയാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലൂടെ. ദൃശ്യഭംഗിയിലും ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു എന്ന് ഉറപ്പു നല്‍കുകയാണ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങുന്ന ഓരോ ടീസറും.

നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍ ഒരു പട്ടാളക്കാരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഒരു പട്ടാളക്കാരന്‍റെ ജീവിതചുറ്റുപാടുകളാണ് ചിത്രത്തിന്‍റെ പ്രമേയം. ദിവ്യ പിള്ളെ, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ശാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ 06-ല്‍. ഒക്ടോബര്‍ 18 ന് ചിത്രം തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ നീ ഹിമമഴയായ്… എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *