അജു വര്‍ഗീസ് നായകനായി ത്രില്ലര്‍ ചിത്രം; ‘കമല’-യുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

October 22, 2019

വെള്ളിത്തിരയില്‍ മലയാളികള്‍ക്കായി ചിരിവിസ്മയം ഒരുക്കുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘കമല’ എന്നാണ് ചിത്രത്തിന്റെ പേര്. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പാസഞ്ചര്‍, അര്‍ജുന്‍ സാക്ഷി എന്നീ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് ശങ്കറിന്റേതായി ഒരുങ്ങുന്ന ത്രില്ലര്‍ പ്രമേയമുള്ള ചിത്രമാണ് കമല. ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. നിഗൂഢത നിറഞ്ഞ രംഗങ്ങളാണ് ട്രെയ്‌ലറില്‍ അധികവും ഇടം നേടിയിരിക്കുന്നത്. പുതുമുഖ താരം റുഹാനി ശര്‍മ്മ, അനൂപ് മേനോന്‍, ബിജു സോപാനം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കമല 36 മണിക്കൂറുകള്‍ക്കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. രഞ്ജിത് ശങ്കറിനൊപ്പം അജു വര്‍ഗീസ് ഒരുമിക്കുന്ന ഏഴാമത്തെ ചിത്രം എന്ന പ്രത്യേകതയും കമലയ്ക്ക് ഉണ്ട്. സുസു സുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്റെ ഏദന്‍തോട്ടം, പ്രേതം തുടങ്ങിയ രഞ്ജിത് ശങ്കര്‍ ചിത്രങ്ങളില്‍ അജു വര്‍ഗീസ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more:വിസ്മയിപ്പിച്ച് അന്ന ബെന്‍; സസ്‌പെന്‍സ് നിറച്ച് ‘ഹെലെന്‍’ ട്രെയ്‌ലര്‍

രഞ്ജിത് ശങ്കര്‍ ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് കമല എന്ന സിനിമയുടെ നിര്‍മ്മാണം. അതേസമയം ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ പ്രേതം 2 ആണ് രഞ്ജിത് ശങ്കര്‍ ഒരുക്കിയ അവസാന ചിത്രം. ഈ വര്‍ഷം നവംബറില്‍ കമല തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.