ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദന്‍; ‘മാമാങ്കം’ ലൊക്കേഷന്‍ സ്റ്റില്ലുകള്‍

October 30, 2019

ചലച്ചിത്ര ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് മാമാങ്കം സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ടീസറിനും പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന ഉണ്ണി മുകുന്ദന്‍ കഥാപാത്രത്തിന്റെ ചില ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്.

Read more: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ പക്ഷി ഇടിച്ചാല്‍…! വൈറലായി പൈലറ്റ് പകര്‍ത്തിയ വീഡിയോ

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം മൊഴിമാറ്റുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. കനിഹ, അനു സിത്താര, മാസ്റ്റര്‍ അച്യുതന്‍ സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.