ജയസൂര്യ നായകനായി ‘തൃശ്ശൂര്‍ പൂരം’; റിലീസ് ഡിസംബറില്‍

November 11, 2019

മലയാളികളുടെ പ്രിയതാരം ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും. ഡിസംബര്‍ 20-ആണ് ചിത്രത്തിന്റെ റിലീസ് തീയതി. തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ലോഞ്ചിങ് പൂരപ്പറമ്പില്‍വെച്ചുതന്നെയാണ് നടന്നതും. രാജേഷ് മോഹനനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും രതീഷ് വേഗയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭംഗിയും ചിത്രത്തില്‍ പ്രതിഫലിക്കുമെന്നാണ് സൂചന.
ആനച്ചമയങ്ങളും കുടമാറ്റവും തൃശ്ശൂര്‍ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ പൂരത്തിന് ഏറെ ആവേശം പകരാറുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷണീയവുമായ ചടങ്ങുകളും ചിത്രത്തില്‍ ഉണ്ടാകും.

‘ആട്’, ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ എന്നീ ചിത്രങ്ങളിലും തൃശ്ശൂരുകാരനായാണ് ജയസൂര്യ എത്തിയത്. ഈ ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ തൃശ്ശൂര്‍ പൂരമെന്ന ചിത്രത്തിലും പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. അതേസമയം ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’.