കല്യാണ ക്ഷണക്കത്ത് തൂവാലയിൽ, സമ്മാനമായി വിത്തുകളും മരത്തൈകളും; ഇതിന് പിന്നിലെ കാരണമിതാണ് !

November 14, 2019

ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതുകൊണ്ടാവാം കല്യാണം ഏറ്റവും മനോഹരവും വെറൈറ്റിയുമാക്കി നടത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ സ്വന്തം മകളുടെ കല്യാണത്തെക്കുറിച്ച്  ഒരു അച്ഛനുണ്ടായിരുന്നത് വേറിട്ടൊരു സങ്കൽപ്പമായിരുന്നു. പ്രകൃതിയ്ക്ക് ദോഷമായതൊന്നും ചെയ്യരുതെന്നായിരുന്നു ഈ അച്ഛൻ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ കല്യാണ ക്ഷണക്കത്തു മുതൽ എല്ലാത്തിലും വേറിട്ടൊരു മാതൃക കണ്ടെത്തി ഈ പിതാവ്.

കാഞ്ചിപുരം ഡെപ്യൂട്ടി കളക്‌ടറായ സെൽവമതി വെങ്കിടേഷാണ്  മകൾ ശരണ്യയുടെ വിവാഹം ഏറെ വ്യത്യസ്തമാക്കിയത്. കല്യാണ ക്ഷണക്കത്ത്  തുണിയിലാണ് ഒരുക്കിയത്. രണ്ടു മൂന്ന് പ്രാവശ്യം കഴുകിയാൽ മാഞ്ഞുപോകുന്ന രീതിയിലാണ് വിവാഹ ക്ഷണക്കത്ത് ഒരുക്കിയത്. ഇത് വീണ്ടും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

അതേസമയം സദ്യ വിളമ്പാൻ സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിച്ചത്. കൈ തുടയ്ക്കാൻ ടിഷ്യുപേപ്പറിന് പകരം ചെറിയ തുണികളാണ് ഉപയോഗിച്ചത്. കല്യാണത്തിന് പങ്കെടുത്ത അതിഥികൾക്ക് തുണിസഞ്ചിയിൽ പച്ചക്കറി വിത്തുകളും, മരത്തൈകളും ഉൾപ്പെടെയുള്ള സാധനങ്ങളും പന്തലിൽ വിതരണം ചെയ്തു.

എന്തായാലും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയടിയാണ് സെൽവമതിയുടെ ഈ കല്യാണക്ഷണക്കത്തിന് ലഭിച്ചത്.