വമ്പന്‍ മീനിനെ ആഹാരമാക്കി സ്രാവിന്‍ കൂട്ടങ്ങള്‍; സ്രാവിനെ വിഴുങ്ങി മറ്റൊരു വീരന്‍: കൗതുകമുണര്‍ത്തി ആഴക്കടല്‍ ദൃശ്യങ്ങള്‍

November 27, 2019

കരയിലെ കാഴ്ചകളേക്കാള്‍ പലപ്പോഴും കൗതുകം നിറയ്ക്കുന്നത് ആഴക്കടലിലെ കാഴ്ചകളാണ്. അത്ഭുതവും കൗതുകവും നിറഞ്ഞ കടല്‍ക്കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. കടലിനടിയിലെ ചില മീനുകളുടെ ഇരപിടിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ഭൂമിയിലെ മരുഭൂമിയോട് സാദൃശ്യമുള്ള പ്രദേശങ്ങള്‍ കടലിനടിയിലുമുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രദേശത്തെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സൗത്ത് കാരലൈനയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയായാണ് ഗവേഷകര്‍ പര്യവേക്ഷണം നടത്തിയത്. ഇതിന്റെ ഭാഗമായി കടലിനടിയില്‍ ഏകദേശം 450 മീറ്റര്‍ ആഴത്തില്‍ പ്രത്യേക ക്യാമറ സ്ഥാപിച്ചു. ഒരു റോബോട്ടിന്റെ സഹായത്തോടെയാണ് ഈ ദൃശ്യങ്ങള്‍ ഗവേഷകര്‍ പകര്‍ത്തിയത്.

Read more:‘ഞാൻ തേടും താരം’; സുരാജിനൊപ്പം പൃഥ്വി, ശ്രദ്ധനേടി ‘ഡ്രൈവിങ് ലൈസൻസ്’ ആദ്യഗാനം

കടലിനടയിലെ മീനുകളുടെ ഇരപിടുത്ത രംഗങ്ങളാണ് ഈ വീഡിയോയില്‍. ചത്തുകിടക്കുന്ന സ്വോര്‍ഡ് ഫിഷ് ഇനത്തില്‍പ്പെട്ട മത്സ്യത്തെ ഭക്ഷണമാക്കുന്ന സ്രാവിന്‍ കൂട്ടത്തെ വീഡിയോയില്‍ കാണാം. എന്നാല്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന സ്രാവിന്‍ കൂട്ടത്തെ തേടി മറ്റൊരു ഭീകരനെത്തി. ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഈ ഭീകര മത്സ്യത്തിന്റെ വായില്‍ സ്രാവിന്റെ വാല്‍ മാത്രം പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായി കാണാം. സ്രാവിനെ മുഴുവനായി വിഴുങ്ങിയിരിക്കുകയാണ് ഈ ഭീകരന്‍. ഈ വര്‍ഷം ജൂലൈയിലാണ് ഈ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. എങ്കിലും ഇപ്പോഴും ഈ വീഡിയോയ്ക്ക് കാഴ്ചക്കാരുണ്ട്.