‘രായപ്പനായി’ അതിശയിപ്പിച്ച് വിജയ്; ബിഗിലിലെ ആ രംഗമിതാ: വീഡിയോ

November 16, 2019

തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് ‘ബിഗില്‍’ എന്ന ചിത്രം. വിജയ് ഇരട്ടവേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. രണ്ട് കഥാപാത്രങ്ങളെയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ വിജയ് എന്ന മഹാനടന് സാധിച്ചു. ചിത്രത്തിലെ ഓരോ രംഗങ്ങളും നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ‘ബിഗില്‍’ എന്ന ചിത്രത്തില്‍ ‘രായപ്പന്‍’ എന്ന അച്ഛന്‍ കഥാപാത്രത്തെയും ‘മൈക്കിള്‍'(ബിഗില്‍) എന്ന മകന്‍ കഥാപാത്രത്തെയുമാണ് വിജയ് അവിസ്മരണീയമാക്കിയത്.

ഇപ്പോഴിതാ രായപ്പന്‍ എന്ന കഥാപാത്രത്തിന്റെ അതിഗംഭീരമായ പ്രകടനം വ്യക്തമാക്കുന്ന ബിഗിലിലെ ഒരു രംഗം പുറത്തെത്തിയിരിക്കുകയാണ്. മൈക്കിളും രായപ്പനും ഒരുമിച്ചെത്തുന്ന ഈ രംഗം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അറ്റ്‌ലി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബിഗില്‍. ‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍.

Read more:മനോഹരം പ്രണായര്‍ദ്രമായി ‘സ്റ്റാന്‍ഡ് അപ്പ്’-ലെ ഗാനം: വീഡിയോ

ആക്ഷനും സസ്‌പെന്‍സും പ്രണയവും കാല്‍പന്തുകളിയുടെ ആവേശവുമെല്ലാം നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നയന്‍ താരയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റീബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.