അതിശയിപ്പിച്ച് മമ്മൂട്ടി; തരംഗമായി മാമാങ്കം ട്രെയ്‌ലർ

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതും. പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അതിമനോഹരമായ ദൃശ്യമികവിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. പഴശ്ശിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം കൈയില്‍ വാളും പരിചയുമേന്തി മമ്മൂട്ടി എത്തുന്ന ചിത്രംകൂടിയാണ് മാമാങ്കം. ട്രെയ്‌ലറിൽ രാജകീയമായിതന്നെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതും.ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുകളുമൊക്കെ സിനിമ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്.

വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

Read also: ‘ക്യൂട്ട്’; താരത്തിന്റെ ബാല്യകാല ചിത്രത്തിന് സോഷ്യൽമീഡിയയിൽ വൻവരവേൽപ്പ്

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.