നഗരത്തിലെ പക്ഷികള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കുന്ന ട്രാഫിക് പോലീസ്; ദേ ഇതാണ് ‘പക്ഷിമനുഷ്യന്‍’

January 19, 2020

ചിലരോട് വല്ലാത്തൊരു ബഹുമാനം തോന്നാറുണ്ട് പലപ്പോഴും. അത് അവരുടെ പണമോ സ്ഥാനമാനങ്ങളോ പ്രശസ്തിയോ തുടങ്ങിയ ഒന്നും കണ്ടിട്ടല്ല. മറിച്ച് ഭൂമിയില്‍ അവര്‍ ചെയ്യുന്ന ചില നന്മകളെ ഓര്‍ത്താണ്. സ്വന്തം സുഖത്തിനു വേണ്ടിയല്ലാതെ അപരന്റെ നന്മ ആഗ്രഹിക്കുന്നവര്‍… വിരളമാണ് ഇത്തരക്കാര്‍. പലര്‍ക്കും ബഹുമാനം തോന്നാറുള്ള ഒരു ട്രാഫിക് പോലീസുകാരനുണ്ട്. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബാരിപാഡയിലുള്ള സൂരജ് കുമാര്‍ രാജ് എന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍.

52 വയസ്സുണ്ട് സൂരജ് കുമാര്‍ രാജിന്. എന്നാല്‍ പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അനുദിനവും ചെറിയൊരു നന്മ ചെയ്യുകയാണ് ഇയാള്‍. ആ നന്മ ആര്‍ക്കാണന്നല്ലേ, പക്ഷികള്‍ക്ക്… നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പക്ഷികള്‍ക്ക് സൂരജ് കുമാര്‍ രാജ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദിവസവും ഭക്ഷണം നല്‍കാറുണ്ട്. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല, മറിച്ച് തന്നാലാവും വിധം പക്ഷികളുടെയും വിശപ്പകറ്റുക എന്ന ലക്ഷ്യം മാത്രം.

Read more: കുഞ്ഞുദുല്‍ഖറിനെ കയ്യിലെടുത്ത മമ്മൂട്ടി മുതല്‍ കുട്ടിപ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍ വരെ; സിനിമാലോകത്തെ അച്ഛന്മാരെ നിറച്ച് ഒരു ഗാനം: വീഡിയോ

‘പക്ഷിമനുഷ്യന്‍’ എന്നാണ് സൂരജ് കുമാര്‍ രാജ് അറിയപ്പെടുന്നത് തന്നെ. പലപ്പോഴും പക്ഷികള്‍ വന്ന് ഇദ്ദേഹത്തിന്റെ ഉള്ളംകൈയില്‍ നിന്നുപോലും അരിമണികള്‍ കൊത്തിയെടുക്കാറുണ്ട്. ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ സൂരജ് കുമാര്‍ രാജിന്റെ തോളത്ത് വന്നിരുന്ന് പക്ഷികള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതും നഗരത്തിലെ പതിവ് കാഴ്ചയാണ്. പലരും അത്ഭുതത്തോടെ നോക്കി നില്‍ക്കാറുമുണ്ട് ഈ ചങ്ങാത്തം.

എല്ലാ ദിവസവും രാവിലെ നൂറു കണക്കിന് പ്രാവുകള്‍ അടങ്ങുന്ന പക്ഷിക്കൂട്ടങ്ങളാണ് ഈ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കാത്തുനില്‍ക്കാറുള്ളത്. കൈയില്‍ അരിമണികളുമായി ബൈക്കില്‍ എത്തുന്ന സൂരജ് കുമാറിനെ കാണുമ്പോഴേയ്ക്കും പക്ഷികള്‍ അരികിലേക്ക് പറന്നെത്തുന്നു. പ്രദേശവാസികള്‍ നല്‍കിയ പക്ഷിമനുഷ്യന്‍ എന്ന വിളിപ്പേര് ഏറെ ഇഷ്ടത്തോടെയാണ് ഈ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയത്തില്‍ ഏറ്റെടുത്തിരിക്കുന്നതും.