‘സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു’- അനുസിത്താര

January 1, 2020

മലയാളികളുടെ പ്രിയ നായികയായി മാറിയിരിക്കുകയാണ് അനുസിത്താര. കൈനിറയെ ചിത്രങ്ങളാണ് നടിക്ക് ഇപ്പോൾ. കടുത്ത മമ്മൂട്ടി ആരാധികയായ അനുസിത്താരയ്ക്ക് പിറന്നാൾ സമ്മാനമായി ലഭിച്ച അവസരമായിരുന്നു ‘മാമാങ്ക’ത്തിലെ വേഷം.

ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കരുടെ ഭാര്യ വേഷമായിരുന്നു അനുസിത്താരയ്ക്ക്. ആ വേഷം അവതരിപ്പിക്കാൻ കുറച്ചധികം പ്രയാസമുണ്ടായി എന്ന് പറയുകയാണ് അനുസിത്താര.

‘കുറച്ചേയുള്ളായിരുന്നുവെങ്കിലും ഇമോഷണലായി ചെയ്യാൻ കുറച്ചുണ്ടായിരുന്നു. പഴയ കാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്താണെന്നാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കരുടെ ഭാര്യാ വേഷമാണ്.

ഭർത്താക്കന്മാർ ചാവേറായി പോകുമ്പോൾ ഭാര്യമാർ കരയാൻ പാടില്ല. ഉള്ളിലെ വേദന പുറമെ കാട്ടാതെ പിടിച്ച് നിൽക്കണം. പൊതുവെ വളരെ പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലാണ് ഞാൻ. സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു’.- അനുസിത്താര പറയുന്നു.

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ‘മാമാങ്കം’. എം പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ നൂറ് കോടി പിന്നിട്ടതായി മാമാങ്കത്തിന്റെ അണിയറപ്രവര്‍ത്തകരാണ് വ്യക്തമാക്കിയത്.

Read More:ഇപ്പോൾ നയൻതാരയെ പോലെ; സാരിയുടുത്ത അനിഘയുടെ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

തിയേറ്ററുകളിലെത്തി നാല് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അറുപത് കോടിയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്. 45 രാജ്യങ്ങളിലായി 2000-ത്തിനു മുകളില്‍ സ്‌ക്രീനുകളിലാണ് ‘മാമാങ്കം’ റിലീസ് ചെയ്തത്. നാല് ഭാഷകളിലായാണ് ചിത്രം ഒരേ ദിവസം റിലീസ് ചെയ്തത്.

പ്രദര്‍ശനത്തിനെത്തിയ ആദ്യംദിനം തന്നെ ‘മാമാങ്കം’ ആഗോളതലത്തില്‍ 23 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ വേണു കുന്നപ്പിള്ളി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.